Flash News

മുസ്‌ലിം സംഘടനകളുടെ ആവശ്യം എതിര്‍ത്ത് ശിയാ വഖ്ഫ് ബോര്‍ഡ്‌

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: 1992 ഡിസംബര്‍ 6ന് സംഘപരിവാര കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിടണമെന്ന വാദത്തെ ശിയാ വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍ എതിര്‍ത്തു.
കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യത്തെ എതിര്‍ത്ത് ശിയാ വഖ്ഫ് ബോര്‍ഡ്, സുന്നി വഖ്ഫ് ബോര്‍ഡിനേക്കാള്‍ മസ്ജിദില്‍ അവകാശമുണ്ടെന്നും കേസ് നിലവിലെ ബെഞ്ച് തന്നെ തീര്‍പ്പാക്കിയാല്‍ മതിയെന്നുമാണ് വാദിച്ചത്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് എന്നാണ് ഇവര്‍ അവകാശപ്പെട്ടത്.
ഭൂമിതര്‍ക്കം സംബന്ധിച്ച ഹരജികള്‍ ഭരണഘടനാ ബെഞ്ചിനു വിടേണാ എന്ന കാര്യത്തില്‍ സുപ്രിംകോടതിയില്‍ അടുത്ത വെള്ളിയാഴ്ചയും വാദം തുടരും. തര്‍ക്കം സമാധാനപരമായി പരിഹരിക്കണമെന്നാണ് ശിയാ വഖ്ഫ് ബോര്‍ഡ് ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടത്. ബാബരി മസ്ജിദിന്റെ പരിപാലകന്‍ ഒരു ശിയാ വിശ്വാസിയായിരുന്നുവെന്ന് ബോര്‍ഡ് കോടതിയില്‍ വാദിച്ചു. സുന്നി വഖ്ഫ് ബോര്‍ഡോ മറ്റ് ആരെങ്കിലുമോ അല്ല ഇന്ത്യയിലെ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം, ബാബരി മസ്ജിദ് വിഷയത്തില്‍ ശിയാ വഖ്ഫ് ബോര്‍ഡിനു സംസാരിക്കാനുള്ള ഒരവകാശവുമില്ലെന്ന് മുസ്‌ലിം സംഘടനകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന്‍ വാദിച്ചു. അഫ്ഗാനിസ്താനിലെ ബാമിയാനിലുള്ള ബുദ്ധപ്രതിമ താലിബാന്‍കാര്‍ തകര്‍ത്തപോലെ ഹിന്ദു താലിബാനികളാണ് ബാബരി മസ്ജിദ് തകര്‍ത്തതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭരണഘടനയാണ് നമ്മുടെ ജനാധിപത്യത്തെയും നിയമസംഹിതയെയും കാത്തുസൂക്ഷിക്കുന്നത്. ഒരിക്കല്‍ അത് നശിപ്പിക്കപ്പെട്ടാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍, ഹരജി ഭരണഘടനാ ബെഞ്ചിനു വിടേണ്ട എന്ന വാദം ഒരിക്കലും അനുവദിക്കരുത്. ഞങ്ങള്‍ സത്യസന്ധരായ ഹരജിക്കാരാണ്.
തന്റെ കേസ് അവതരിപ്പിക്കാന്‍ ഒരു മണിക്കൂര്‍ സമയം കൂടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ കേസ് അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it