Flash News

മുസ്്‌ലിം സമ്മേളനം, ഇസ്‌ലാമിക് ബാങ്കിങ്; ഇനി സിപിഎം വക മാപ്പിള കലാമേളയും

ബഷീര്‍   പാമ്പുരുത്തി

കണ്ണൂര്‍: മുസ്്‌ലിംകളെ ആകര്‍ഷിക്കുന്നതില്‍ നിരന്തരം പരാജയപ്പെടുകയാണെന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ക്കിടെ കണ്ണൂരില്‍ മാപ്പിള കലാമേളയുമായി സിപിഎം രംഗത്ത്. മുസ്്‌ലിം സമ്മേളനത്തിനും ഹലാല്‍ ഹാദിയ എന്ന പേരിലുള്ള ഇസ്്‌ലാമിക് ബാങ്കിങിനും ശേഷമാണ് കണ്ണൂരില്‍ തന്നെ മറ്റൊരു പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
സിപിഎം നിയന്ത്രണത്തില്‍ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ കണ്ണൂര്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ അബ്്ദുല്ല കള്‍ച്ചറല്‍ ഫോറത്തിന്റെയും ഈയിടെ മുസ്്‌ലിം യൂത്ത്‌ലീഗ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന യുവാക്കളുടെ കൂട്ടായ്മയായ മര്‍ഹബ സാംസ്‌കാരിക സമിതിയുടെയും ബാനറിലാണ് 'ബഹ്‌റിന്റെ ഇഷ്‌ക്ക്, കണ്ണൂര്‍ സിറ്റി ഫെസ്റ്റ്-2018' എന്ന പേരില്‍ മാപ്പിള കലാമേള നടത്തുന്നത്. മെയ് ആറു മുതല്‍ 10 വരെ ആയിക്കര മാപ്പിളബേയില്‍ നടക്കുന്ന കലാപരിപാടികളില്‍ മാപ്പിള കലകള്‍ക്കാണു പ്രാമുഖ്യം നല്‍കിയിട്ടുള്ളത്.
ആദ്യദിവസം ഘോഷയാത്രയോടെയാണു തുടക്കം. ആയിരത്തിലേറെ വനിതകള്‍ അണിനിരക്കുന്ന മെഗാ ഒപ്പന, സിപിഎം സഹയാത്രികനായ അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ സലീമിന്റെ മകള്‍ സജ്‌ല സലീം നയിക്കുന്ന ഗാനമേള, പ്രശസ്ത സൂഫി സംഗീതജ്ഞരായ സമീര്‍ ബിന്‍സി ഇമാം മജ്‌സൂര്‍ നയിക്കുന്ന സൂഫി സംഗീത നിശ, ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യ, സൂഫി ഡാന്‍സ്,  രുചിവൈവിധ്യങ്ങളുമായുള്ള ഫുഡ് ഫെസ്റ്റ്, ബൈക്ക് ഷോ തുടങ്ങിയവയാണ് നടത്തുക.
കേരളത്തിലെ ഏക മുസ്്‌ലിം രാജവംശം സ്ഥാപിക്കപ്പെട്ട അറയ്ക്കലും അറബിക്കടലിന്റെ തീരവും ഉള്‍പ്പെടെ കണ്ണൂര്‍ സിറ്റിയുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന വിധത്തിലാണു ലോഗോ തയ്യാറാക്കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂരില്‍ തന്നെയാണു സിപിഎം ആദ്യമായി നമസ്‌കാരസൗകര്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ സമ്മേളനം നടത്തിയത്. ഇതിനു പിന്നാലെ മുസ്്‌ലിം വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള മുഖ്യധാര മാസിക പുറത്തിറക്കി. മാസങ്ങള്‍ക്കു മുമ്പാണ് കണ്ണൂരില്‍ ഇസ്്‌ലാമിക് ബാങ്കിങ് മാതൃകയില്‍ ഹലാല്‍ ഹിദായ എന്ന സംരംഭത്തിനു തുടക്കമിട്ടത്. പൂര്‍ണമായും പച്ച പെയിന്റടിച്ചുള്ള ഓഫിസുമായി നിരവധി പേരെ പലിശരഹിത സംരംഭങ്ങളിലേക്ക് ഷെയര്‍ സ്വീകരിച്ചും വായ്പ നല്‍കിയുമാണ് പ്രവര്‍ത്തനം. ഇതിന്റെ ചീഫ് പ്രമോട്ടറായ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ഷാജറാണു സിറ്റി ഫെസ്റ്റിന്റെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍.
പാര്‍ട്ടി നിയന്ത്രണത്തിലുള്ള ജില്ലയിലെ ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും ഷാജര്‍ തന്നെയാണ്. മുന്‍വര്‍ഷങ്ങളില്‍ നോമ്പുതുറ, ഇഫ്താര്‍ സംഗമം, പെരുന്നാള്‍ കിറ്റ് വിതരണം, നബിദിന ഘോഷയാത്രയ്ക്ക് ആശംസയര്‍പ്പിച്ചുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ തുടങ്ങിയവയിലൂടെ എന്‍ അബ്്ദുല്ല കള്‍ച്ചറല്‍ ഫോറവും മര്‍ഹബ സാംസ്‌കാരിക സമിതിയും ചര്‍ച്ചയായിരുന്നു. ഫസല്‍ മുതല്‍ ശുഹൈബ് വരെയുള്ള കൊലക്കേസുകളിലൂടെയും ആഭ്യന്തര വകുപ്പിന്റെയും ചില സിപിഎം നേതാക്കളുടെയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവിലുള്ള കൂട്ട അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ കലാമേള സിപിഎമ്മിന് വെല്ലുവിളിയായി മാറുമോയെന്നാണ് ഉറ്റുനോക്കുന്നത്.
Next Story

RELATED STORIES

Share it