kasaragod local

മുസ്്‌ലിംലീഗ് നേതൃത്വം ഇടപെട്ടു; കെപിസിസിയുടെ ഉത്തരവിന് സ്റ്റേ



കാസര്‍കോട്: മുസ്്‌ലിംലീഗ് ജില്ലാ നേതൃത്വവും സംസ്ഥാന നേതാക്കളും ഇടപെട്ടതോടെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ഡിവിഷനില്‍ റിബലായി മല്‍സരിച്ച മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി എം കെ മുഹമ്മദിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി സ്ഥാനം രാജിവെക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ടെലഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നങ്ങളുടെ ഗൗരവം വ്യക്തമാക്കിയത്. യുഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തില്‍ എട്ട് അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. എല്‍ഡിഎഫിന് ഏഴ് അംഗങ്ങളും ബിജെപിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. ഹര്‍ഷാദ് വോര്‍ക്കാടി രാജിവെച്ചാല്‍ മുസ്്‌ലിംലീഗ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് മുസ്്‌ലിംലീഗ്് നേതൃത്വം കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. തുടര്‍ന്ന് മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവര്‍ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഉമ്മന്‍ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തിയതോടെ ഇന്നലെ ഉച്ചയോടെ ഡി എം കെ മുഹമ്മദിനെ തിരിച്ചെടുത്ത നടപടി താല്‍ക്കാലികമായി റദ്ദാക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it