Environment

ഭക്ഷണം മുതല്‍ പാര്‍പ്പിടം വരെ, പ്രകൃതിയെ സംരക്ഷിക്കാന്‍ മുള ഉല്‍പ്പന്നങ്ങള്‍

ഭക്ഷണം മുതല്‍ പാര്‍പ്പിടം വരെ, പ്രകൃതിയെ സംരക്ഷിക്കാന്‍ മുള ഉല്‍പ്പന്നങ്ങള്‍
X
free-wallpaper-5

അജയമോഹന്‍




പ്രകൃതി നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലിയായി കണക്കാക്കാവുന്ന അല്‍ഭുത സസ്യമാണ് മുള.  നിത്യജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നെന്ന നിലയില്‍ കേരളീയരെ മുളയുടെ ഗുണഗണങ്ങള്‍ പഠിപ്പിക്കേണ്ട ആവശ്യമില്ല. കാര്‍ഷികോപകരണങ്ങള്‍, പണിയായുധങ്ങള്‍, അളവുപാത്രങ്ങള്‍, കുട്ട, വട്ടി, പലതരം മുറങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് മുള പണ്ടുമുതലേ നാം ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഇന്ന്് ഇത്തരം വസ്തുക്കളില്‍ പലതും പ്ലാസ്റ്റിക്കിലാണ് നിര്‍മിക്കുന്നത്. ഫലമോ, ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും.

forest_bamboo
കെട്ടിടനിര്‍മാണത്തിന് ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ഒന്നായി ഇന്നും മുള ഉപയോഗിച്ചു വരുന്നു. കോണ്‍ക്രീറ്റിങ് സമയത്ത് താങ്ങുകാലുകളായും, പന്തല്‍, ചായ്പ്പ്, തൊഴുത്ത്, തുടങ്ങിയവയ്ക്കും നാട്ടിന്‍പുറങ്ങളില്‍ മുള തന്നെ ശരണം. വള്ളം ഊന്നുന്നതിനും മുളകൊണ്ടുള്ള കഴുക്കോല്‍ ഉപയോഗിക്കുന്നു.വാഴകൃഷിക്ക് കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുളങ്കാലുകള്‍ കൊണ്ട് താങ്ങു നല്‍കിയേ തീരു. ചിലതരം മല്‍സ്യബന്ധനോപകരണങ്ങളും വേലിയും കോഴിക്കൂടുമെല്ലാം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മുള കാര്‍ഷിക കേരളത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണിന്നും. ഓടക്കുഴലുണ്ടാക്കാനുപയോഗിക്കുന്നതും മാറാല തട്ടുന്ന ചൂലുണ്ടാക്കുന്നതും ചിലയിനം മുളകൊണ്ടു തന്നെ. കുരുമുളക് വള്ളി
പടര്‍ത്തിയ തെങ്ങില്‍ക്കയറാന്‍ ഏണിമുള കൂടിയേ തീരു. പോലീസുകാര്‍ മര്‍ധനോപകരണമായി ഉപയോഗിക്കുന്നത് ലാത്തിമുളയാണ്. ചിലയിനം മുളകള്‍ ഉദ്യാനങ്ങളെ അലങ്കരിക്കുന്നു.




എന്നാല്‍ മുള ഭക്ഷണാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ നാം ഏറെ പിന്നിലാണ്.
ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുളയുടെ തളിരും കൂമ്പും ഭക്ഷണാവശ്യത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പ് അച്ചാറിന് ഉപയോഗിക്കുന്നവരുമുണ്ട്. മുളങ്കൂമ്പും തളിരും കേരളത്തില്‍ ചിലരെങ്കിലും ഭക്ഷണത്തിനായി എടുക്കുന്നുണ്ടെങ്കിലും പായസമുണ്ടാക്കാനുള്ള മുളയരിയാണ് നമ്മളില്‍ പലര്‍ക്കും ഏറെ പരിചയമുള്ള മുളവിഭവം. എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്. മുള എന്ന സസ്യമില്ലായിരുന്നെങ്കില്‍ മലയാളിയുടെ ഇഷ്ടഭക്ഷണമായ പുട്ട് എന്ന വിഭവം ഉണ്ടാകുമായിരുന്നില്ല.

മുള പരിസ്ഥിതിക്ക് ചെയ്യുന്ന സേവനങ്ങള്‍ ചില്ലറയല്ല. ഇന്ന് മരം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും നിര്‍മിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും മുളക്കൊണ്ട് നിര്‍മിക്കാന്‍ സാധിക്കും. പ്ലൈവുഡും ഫ്‌ളോര്‍ടൈലുകളും ആഭരണങ്ങളും കൗതുക വസ്തുക്കളുമെല്ലാം ഇത്തരത്തില്‍പെടുന്നു. പ്ലാസ്റ്റികില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും പ്രകൃതിയില്‍ അലിഞ്ഞുചേരുന്ന വസ്തുവായതിനാല്‍ പരിസ്ഥിതി സൗഹൃദ വസ്തുവായി മുളയെ കണക്കാക്കുന്നു.

indonesian-bamboo-bicycle_yrZaF_24429
കടലാസ് നിര്‍മാണത്തിന് മുള ഉപയോഗിക്കുന്നത് മൂലം ലക്ഷക്കണക്കിന് ടണ്‍ മരങ്ങളാണ് ഓരോ വര്‍ഷവും കോടാലിക്കിരയാകാതെ രക്ഷപ്പെടുന്നത്. വസ്ത്രനിര്‍മാണത്തിനും മുളനാര് ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്തെല്ലാം വസ്തുക്കള്‍ പ്ലാസ്റ്റിക്കിന് പകരം മുളകൊണ്ട് നിര്‍മിക്കാമെന്ന് അനുദിനം ശാസ്ത്രലോകം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഫര്‍ണിച്ചറുകള്‍, സൈക്കിളുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ ഇ്ത്തരം പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ പട്ടിക അനുദിനം വിപുലമായിക്കൊണ്ടിരിക്കുന്നു.  ലോകമെമ്പാടും ഇവയ്ക്ക് പ്രിയവും വര്‍ധിച്ചു വരികയുമാണ്.

bamboo ornamentsപ്രകൃതിയോടിണങ്ങുന്നു എന്നതിലപ്പുറം കാഴ്ച്ചയ്ക്കും ഇവ മോശമല്ല എന്നതും പ്രചാരത്തിന് ഒരു കാരണമാണ്.മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മുതല്‍ സൈക്കിള്‍ വരെ നീളുന്നതാണ് ഈ പട്ടിക. മുളകൊണ്ട് നിര്‍മിക്കുന്ന കൗതുക വസ്തുക്കള്‍ക്ക് നിറം കൊടുക്കാനും കൃത്രിമ ചായങ്ങളുടെ ആവശ്യമില്ല. തീജ്വാല കൊണ്ട് അല്‍പമൊന്ന് കരിച്ചാല്‍ ബ്രൗണ്‍ മുതല്‍ കറുപ്പു വരെയുള്ള നിറങ്ങളുടെ ഒരു ശ്രേണി തന്നെ മുളന്തണ്ടില്‍ വിരിയും. ഈ തന്ത്രം ഉപയോഗിച്ച് ആകര്‍ഷകമായ പല ഡിസൈനുകളും ഇത്തരം കൗതുകവസ്തുക്കളില്‍ രൂപപ്പെടുത്താന്‍ സാധിക്കും.

വള, മാല, കമ്മല്‍, ബ്രേസ് ലെറ്റ്- മുള കൊണ്ടുള്ള ഇത്തരം ആഭരണങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമാണ്. ചെടിച്ചട്ടിയായി കളിമണ്‍ പാത്രങ്ങള്‍ക്ക് പകരം മുള കൊണ്ടുള്ള ചെടിച്ചട്ടികളാണ് പ്രകൃതിക്ക് കൂടുതല്‍ ഇണങ്ങുക എന്ന് നാം തിരിച്ചറിഞ്ഞു വരുന്നതേയുള്ളു.
കാടിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുളങ്കൂട്ടങ്ങള്‍ക്ക്് വലിയൊരു പങ്കുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണവും പാര്‍പ്പിടവും ചൂടില്‍നിന്നുള്ള സംരക്ഷണവും മുളങ്കൂട്ടങ്ങള്‍ നല്‍കുന്നു.
ജീവിതത്തിലൊരിക്കല്‍ മാത്രമാണ് മുള പൂക്കുക. പൂത്ത് അരിയായി കഴിഞ്ഞാല്‍ മുളങ്കൂട്ടം നശിക്കാനാരംഭിക്കും. ഇതിനിടയില്‍ താഴെ വീഴുന്ന മുളയരികള്‍ തുണിയോ ഷീറ്റോ ഉപയോഗിച്ച് ശേഖരിച്ചാണ് മുളയരി വിപണിയില്‍ എത്തിക്കുന്നത്. മുള പൂക്കുന്ന കാലം വന്യജീവികള്‍ക്ക് ഉത്സവമാണ്. എലി,അണ്ണാന്‍ എന്നിവ മുതല്‍ ആന വരെയുള്ള ജീവികള്‍ക്ക് മുളയരി പ്രിയങ്കരമാണ്. ചെറുജീവികള്‍ ഇക്കാലത്ത് ധാരാളം വംശവര്‍ധന നടത്തുന്നതിനാല്‍ ഇവയെ ആശ്രയിച്ച് ജീവിക്കുന്ന വലിയ ജീവികള്‍ക്ക് കോളാണ്. ഒരു പ്രദേശത്തെ മുളകളെല്ലാം തന്നെ ഒരേസമയത്ത് മുളയ്ക്കുന്നതായതിനാല്‍ ഇവ ഒരേസമയത്ത് പൂക്കുന്നു. എന്നാല്‍ ഇവ കൂട്ടത്തോടെ ഉണങ്ങി നശിക്കുന്നതോടെ കാട്ടുതീയ്ക്ക് സാധ്യതയേറെയാണ്.
പരിസ്ഥിതിയെ കാര്‍ന്നു തിന്നുന്ന പ്ലാസ്റ്റിക്കിന് പകരക്കാരനായും കെട്ടിടനിര്‍മാണം മുതല്‍ ഭക്ഷണം വരെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഈ വലിയ പുല്‍ച്ചെടിയുടെ  പ്രാധാന്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 18ന് വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്‍ ആഹ്വാനപ്രകാരം ലോക മുള ദിനം ആചരിക്കുന്നു. 2009 ല്‍ ബാങ്കോക്കില്‍ വച്ചു ചേര്‍ന്ന ലോക മുള സമ്മേളനത്തിലാണ് ഈ ദിനാചരണത്തിനു തുടക്കം കുറിച്ചത്.
Next Story

RELATED STORIES

Share it