ernakulam local

മുളവുകാട് വികസനം: മാര്‍ക്കറ്റ് വില നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍



കൊച്ചി: മുളവുകാട് വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലവില പ്രകാരം മാര്‍ക്കറ്റ് വില നിശ്ചയിച്ച് റോഡ് വികസനം സാധ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ കലക്ടര്‍ക്കും മുളവുകാട് പഞ്ചായത്ത് സെക്രട്ടറിക്കും ജിഡക്കുമാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. റോഡ് വികസനം പ്രവര്‍ത്തികമാക്കാന്‍ പൊന്നും വില പ്രകാരം വസ്തു ഏറ്റെടുക്കേണ്ടി വന്നാല്‍ അപ്രകാരം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മുളവുകാട് പഞ്ചായത്ത് റോഡ് വികസനവുമായി ബന്ധപ്പെട്ട് തന്റെ ഉടമസ്ഥതതയിലുള്ള 9.5 സെന്റ് സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ സര്‍ക്കാര്‍ വിലപ്രകാരമുള്ള ന്യായമായ തുക അനുവദിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പ് ജോണ്‍ ഡിസില്‍വ സമര്‍പിച്ച പരാതിയിലാണ് ഉത്തരവ്.സ്ഥലം ഉടമയില്‍ നിന്നും ആര്‍ജിക്കുന്ന ഭൂമിയുടെ മൂല്യം നിശ്ചയിക്കുന്നത് ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയാണെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി സമര്‍പിച്ച വിശദീകരണത്തില്‍ പറയുന്നു. 450 ഭൂഉടമകള്‍ ഭൂമിവിട്ടുനല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഭൂമി ലഭിക്കാത്തതിനാലാണ് റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് ഗോശ്രീ അതോറിറ്റി അറിയിച്ചിട്ടുള്ളതായി കലക്ടറുടെ റിപോര്‍ടില്‍ പറയുന്നു. പരാതിക്കാരന്‍ ഭൂമി വിട്ടുനല്‍കാന്‍ രേഖകള്‍ സമര്‍പ്പിച്ചില്ല.  ആവശ്യപ്പെടുന്നതനുസരിച്ച് ഭൂമിക്ക് വില നല്‍കാന്‍ കഴിയില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.  രജിസ്‌ട്രേഷന്‍ കഴിഞ്ഞ 450 ഭൂഉടമകള്‍ക്ക് കലക്ടര്‍ നിശ്ചയിച്ച ഭൂമിവില നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it