മുല്ലപ്പെരിയാര്‍: ഉപസമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും ജലനിരപ്പ് 131 അടിയിലേക്ക്

എ  അബ്ദുല്‍ സമദ്
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131 അടിയിലേക്ക്. ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഉപസമിതി നാളെ അണക്കെട്ടു സന്ദര്‍ശിക്കും. അണക്കെട്ട് മേഖല അടങ്ങുന്ന വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണു ലഭിക്കുന്നത്.
ഇന്നലെ വൈകീട്ടോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 130 പിന്നിട്ടത്. തേക്കടിയില്‍ 65 മില്ലി മീറ്ററും മുല്ലപ്പെരിയാറില്‍ 80 മില്ലിമീറ്ററും മഴയാണു ലഭിച്ചത്. സെക്കന്‍ഡില്‍ 5652.69 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതോടെ ശക്തമായ നീരൊഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സെക്കന്‍ഡില്‍ 1405 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുന്നുണ്ട്. വരുംദിനങ്ങളില്‍ മഴ ശക്തമായാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താലാണ് ഉപസമിതിയുടെ സന്ദര്‍ശനം.
കേന്ദ്ര ജല കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി രാജേഷ് അധ്യക്ഷനായ സമിതിയാണു പരിശോധനയ്ക്കായി മുല്ലപ്പെരിയാറിലെത്തുന്നത്. അണക്കെട്ടിന്റെ ചുമതല ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍ വിരമിച്ച ഒഴിവിലേക്കു പുതിയ ആളെ നിയമിച്ചു. പുതിയ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആയ സോണി ദേവസ്യയാവും ഉപസമിതിയില്‍ കേരളത്തെ പ്രതിനിധീകരിക്കുക. പഴയ അംഗമായ എന്‍ എസ് പ്രസീദ് തുടരുകയും ചെയ്യും.
കഴിഞ്ഞ ജൂണിലാണ് ഇതിനു മുമ്പ് ഉപസമിതി അണക്കെട്ടിലെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ഒരു ദിവസം കൊണ്ടു മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആറടിയിലധികം ഉയര്‍ന്നിരുന്നു. ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിന്റെ ആവശ്യ പ്രകാരമാണു സംഘം അണക്കെട്ടിലെത്തിയത്.
Next Story

RELATED STORIES

Share it