മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ കെപിസിസിക്കു പുതിയ നേതൃത്വം. ഇന്ദിരാഭവന്‍ ആസ്ഥാനത്ത് ആളും ആരവവും നിറഞ്ഞ ചടങ്ങില്‍ കെപിസിസി അധ്യക്ഷനായി സ്ഥാനമൊഴിയുന്ന എം എം ഹസനില്‍ നിന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റെടുത്തു. സ്ഥാനാരോഹണ ചടങ്ങ്് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂരില്‍ നിന്നു പാഠം പഠിച്ച് തുടങ്ങണമെന്നും ഐക്യമായിരിക്കണം പ്രധാന ആയുധമെന്നും ആന്റണി നേതാക്കളെയും പ്രവര്‍ത്തകരെയും ഓര്‍മപ്പെടുത്തി. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബങ്ങളും കോണ്‍ഗ്രസ്സുകാരും സാമുദായിക വിഭാഗങ്ങളും പഴയതു പോലെ വോട്ട് ചെയ്തില്ലെന്നതാണു ചെങ്ങന്നൂരിലെ പരാജയം. അതിന്റെ കാരണം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. ന്യൂജനറേഷനെ ആകര്‍ഷിക്കാന്‍ കഴിയണം. ബൂത്ത്തലം മുതല്‍ മികവാര്‍ന്ന തിരഞ്ഞെടുപ്പു മാനേജ്മെന്റ് നടപ്പാക്കി യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം നേടണം. മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു താഴെയിറക്കാന്‍ എംപിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത അസാധാരണ തീരുമാനമാണു രാഹുല്‍ഗാന്ധി എടുത്തത്. മുല്ലപ്പള്ളിയെ സമൂഹവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്വീകരിച്ചു കഴിഞ്ഞു. എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മഹാശക്തിയാവും. കോണ്‍ഗ്രസ്സുകാര്‍ ഒന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ സാധ്യമല്ലെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ നിര്‍ണായക സമയത്താണു മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതല ഏറ്റെടുക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പ്രവര്‍ത്തകരോടും ജനങ്ങളോടും ഒപ്പം നില്‍ക്കുന്ന നേതാവാണു മുല്ലപ്പള്ളി. ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും എം ഐ ഷാനവാസും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റ പ്രചാരണ സമിതി അധ്യക്ഷനായി കെ മുരളീധരനും ചുമതലയേറ്റെടുത്തു. കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ ഭാരവാഹികള്‍ക്ക് ആവേശകരമായ സ്വീകരണമാണു പ്രവര്‍ത്തകര്‍ നല്‍കിയത്. തുടര്‍ന്ന് ഇന്ദിരഭവന്‍ ആസ്ഥാനത്തു മുല്ലപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്തി.
നേതാക്കളായ തെന്നല ബാലകൃഷ്ണന്‍, വി എം സുധീരന്‍, കെ ശങ്കരനാരായണന്‍, പിപി തങ്കച്ചന്‍, വി ഡി സതീശന്‍, ഷാനിമോള്‍ ഉസ്മാന്‍, തമ്പാനൂര്‍ രവി, ഡോ. ശശി തരൂര്‍, എം കെ രാഘവന്‍ ചടങ്ങില്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it