Flash News

മുറ്റത്തെ മുല്ല ലഘു വായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: വട്ടിപ്പലിശക്കാരെ നാട്ടില്‍ നിന്ന് ഉന്മൂലനം ചെയ്യാനും സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ലഘു വായ്പാ പദ്ധതി 'മുറ്റത്തെ മുല്ല'യുമായി സംസ്ഥാന സര്‍ക്കാര്‍. ആവശ്യക്കാരുടെ വീടുകളിലെത്തി ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നല്‍കുകയും ആഴ്ചതോറുമുള്ള തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്പാ തുക ഈടാക്കുകയും ചെയ്യുന്നതാണ് പദ്ധതി. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മണ്ണാര്‍ക്കാട് പഴേരി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1000 മുതല്‍ 25,000 രൂപ വരെ ഒരാള്‍ക്കു വായ്പ നല്‍കും. നിലവില്‍ കൊള്ളപ്പലിശക്കാരില്‍ നിന്ന് എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും വായ്പ ലഭ്യമാക്കും. 12 ശതമാനമാണ് വാര്‍ഷിക പലിശ. ഇതില്‍ നിന്ന് ഒമ്പത് ശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം. ശേഷിക്കുന്നതില്‍ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് അല്ലെങ്കില്‍ വായ്പാ ഇടപാട് നടത്തുന്ന അംഗത്തിന് തീരുമാനമെടുക്കാം. പരമാവധി ഒരു വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. 1000 രൂപ വായ്പയെടുത്ത ഒരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തുല്യഗഡുക്കളായി 1120 രൂപ തിരിച്ചടയ്ക്കണം. 10 ആഴ്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പയും നല്‍കും.
കുടുംബശ്രീ അംഗങ്ങള്‍ ആവശ്യക്കാരുടെ വീട്ടിലെത്തി വായ്പ നല്‍കും. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കും. വായ്പ നല്‍കാന്‍ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ഒരു യൂനിറ്റിന് പരമാവധി 10 ലക്ഷം രൂപ 9 ശതമാനം പലിശനിരക്കില്‍ കാഷ് ക്രെഡിറ്റ് വായ്പയായി അനുവദിക്കും. പുനര്‍വായ്പ ആവശ്യമുള്ള സംഘത്തിന് 8 ശതമാനം പലിശയ്ക്ക് ജില്ലാ സഹകരണ ബാങ്കുകള്‍ പുനര്‍വായ്പ നല്‍കും. പദ്ധതി നിരീക്ഷണത്തിന് വിവിധ തലങ്ങളില്‍ മോണിറ്ററിങ് കമ്മിറ്റിയുമുണ്ട്.
അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതിക്ക് സഹകരണ വകുപ്പ് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയും കടകംപള്ളി പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it