മുറ്റത്തെ മുല്ലയെ മറന്ന മുല്ലക്കര



സഖാവ് മുല്ലക്കരയ്ക്ക് അടുത്തിടെയായി കണ്ടകശനിയാണ്. ഏതു വിഷയത്തിലിടപെട്ട് സംസാരിച്ചാലും അവസാനം സ്വയമങ്ങ് പ്ലിങ്ങാവും. ഒന്നുകില്‍ തലയ്ക്കടി പ്രതിപക്ഷത്തുനിന്ന് അല്ലേല്‍ സ്വന്തം ടീമംഗങ്ങളില്‍ നിന്ന്. ഇക്കുറി അത് സാക്ഷാല്‍ മുഖ്യനില്‍ നിന്നുകൂടി ആവുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ. ആഡംബര വിവാഹങ്ങളെ സംബന്ധിച്ച മുല്ലക്കരയുടെ ശ്രദ്ധക്ഷണിക്കലാണ് മുഹൂര്‍ത്തം. സാമൂഹിക വിപത്തായി ആഡംബര വിവാഹങ്ങള്‍ മാറുന്നതിനെ കുറിച്ച് വാചാലനായി മുന്നേറുകയായിരുന്നു മുല്ലക്കര. ആഡംബര വിവാഹങ്ങള്‍ക്ക് ചെലവാകുന്ന തുകയുടെ 50 ശതമാനം നികുതി ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു പറഞ്ഞ മുല്ലക്കര ഒരു പടികൂടി കടന്ന് രാഷ്ട്രീയക്കാര്‍ ഇത്തരം കല്യാണങ്ങളില്‍ നിന്നു മാറിനില്‍ക്കണമെന്നുകൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് സാക്ഷാല്‍ ഇരട്ടച്ചങ്കന്റെ ഇടപെടല്‍. കല്യാണം കൂടിയാലല്ലെ കാര്യമറിയാവൂ എന്നു ചോദിച്ച പിണറായി തൃശൂരില്‍ ഒരു കല്യാണത്തിനു ഭാര്യ കമലയെയും കൂട്ടി പോയ കഥ പറഞ്ഞു. നിയന്ത്രണം മൊത്തം ഇവന്റ് മാനേജ്‌മെന്റിന്. താലി കെട്ടിത്തീര്‍ന്നപ്പോള്‍ ഇനി എല്ലാവരും എഴുന്നേറ്റുനിന്ന് കൈയടിക്കൂ എന്ന് നടത്തിപ്പുകാര്‍. കൈയടിക്കാന്‍ കൂടിയെങ്കിലും എഴുന്നേറ്റ സ്ഥിതിക്ക് ഇനി ഇരിക്കേണ്ടെന്ന് കമലയോട് നിര്‍ദേശിച്ചെന്നും ഉടന്‍ ഇറങ്ങിയെന്നും പിണറായി. കല്യാണ നടത്തിപ്പില്‍ കേമന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെന്നായി പിന്നെ മുല്ലക്കര. വീണ്ടും മുഖ്യന്റെ ഇടപെടല്‍. സൂര്യ കൃഷ്ണമൂര്‍ത്തിയവിടെ നില്‍ക്കട്ടെയെന്നും തന്റെ മനസ്സിലെ ചെറു വിവാഹം നടത്തിയത് മുല്ലക്കരയുടെ സഹയാത്രികനും തന്റെ ഉറ്റ സുഹൃത്തുമായ ബിനോയ് വിശ്വമാണെന്നും മുല്ലക്കരയ്‌ക്കെതിരേ മുഖ്യന്റെ അത്യുഗ്രന്‍ സ്മാഷ്. പ്ലിങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ. കാര്യമെന്തായാലും ഇനിയൊരു കല്യാണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മുല്ലക്കര മുറ്റത്തെ മുല്ലയെ മറക്കില്ലെന്ന് ഉറപ്പ്. ഇത്തവണത്തെ എസ്എസ്എല്‍സി ഫലത്തില്‍ കെ എസ് ശബരീനാഥന്‍ സന്തോഷത്തിലാണ്. അരുവിക്കര മണ്ഡലത്തിലെ ആദിവാസിക്കുട്ടികള്‍ പരീക്ഷയില്‍ വന്‍ വിജയം നേടി. എട്ട് ഉപദേഷ്ടാക്കള്‍ തല്ലിപ്പഠിപ്പിച്ചിട്ടും വിജയിക്കാത്ത പിണറായി വിജയനെ കാണുമ്പോഴാണ് ശബരിയുടെ സങ്കടം. സേ പരീക്ഷ എഴുതിയാല്‍ പോലും ജയിക്കാത്ത സര്‍ക്കാരാണിതെന്നും ശബരീനാഥന്‍. ഉദ്യോഗസ്ഥരോട് കട്ട കലിപ്പിലാണ് കെ ബി ഗണേഷ്‌കുമാര്‍. അഴിമതിക്കാരെ കണ്ടുപിടിക്കാനുള്ള  ഉപായവും ഗണേഷ് മന്ത്രിക്ക് പറഞ്ഞുകൊടുത്തു. അരിവില അമ്പതായെന്ന് മോന്‍സ് ജോസഫ്. 30ന് കിട്ടുമെന്ന് മന്ത്രി തിലോത്തമന്‍. എല്‍ഡിഎഫ് വന്നിട്ട് ഒന്നും ശരിയായില്ലെന്ന് സജീന്ദ്രന്‍ പറയില്ല. ഒരുകാര്യം ശരിയായി, അത് ശബരീനാഥന്റെ കല്യാണമാണ്. പക്ഷേ, കോവൂര്‍ കുഞ്ഞുമോന്റെ കല്യാണം കിഫ്ബിയുടെ അവസ്ഥയിലാവുമോയെന്ന സംശയവും സജീന്ദ്രന്‍ പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it