മുന്‍മന്ത്രി കെ ബാബുവിനെതിരായ കേസ് നിലനില്‍ക്കും

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരേ വിജിലന്‍സ് കേസ് നിലനില്‍ക്കും. ഇതുസംബന്ധിച്ച പുതിയ റിപോര്‍ട്ട് പത്തു ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കും. കേസില്‍ കഴിഞ്ഞദിവസം കെ ബാബുവിന്റെ വീട്ടിലെത്തി വിജിലന്‍സ് മൊഴിയെടുത്തിരുന്നു. അദ്ദേഹം നല്‍കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണു വിജിലന്‍സ് നിലപാട്. നേരത്തേ നല്‍കിയ മൊഴിയില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കെ ബാബുവിനായില്ല. മന്ത്രിയായിരിക്കെ ലഭിച്ച ടിഎ, ഡിഎ എന്നിവയും സ്വത്തായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ തുക കൂടി ഉള്‍പ്പെടുത്തിയാലും സ്വത്തിന്റെ കണക്കില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ വിശദീകരിച്ചാവും അന്തിമ റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിക്കുക. വസ്തുത പരിശോധനാ റിപോര്‍ട്ടില്‍ ബാബുവിന് 45 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അനധികൃത സ്വത്തുസമ്പാദന കേസില്‍ തന്റെ മൊഴിയെടുക്കണമെന്ന് ബാബു ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴിയെടുത്തത്. ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നു വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it