Kollam Local

മുന്നാക്ക സമുദായങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തരുത്: റോയി അറയ്ക്കല്‍

കാവനാട്(കൊല്ലം): മുന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കരുതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു.മുന്നാക്ക സമുദായങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കൊല്ലം കലക്ടറേറ്റ് പടിക്കല്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാര്‍ശവല്‍ക്കരിക്കപ്പെട്ട പിന്നാക്ക-ദലിത്-മുസ്്‌ലിം വിഭാഗങ്ങളെ മുന്‍നിരയില്‍ കൊണ്ടുവരുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് സംവരണം. അതിനെ അട്ടിമറിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. അതിന്റെ ഒരു തുടക്കം മാത്രമാണ് മുന്നാക്കക്കാര്‍ക്ക് മാത്രമായി പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്ക് അധികാരം നല്‍കിയാല്‍ അഴിമതി മുക്ത ഭരണം കാഴ്ചവെയ്ക്കാമെന്ന് പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളോട് പറഞ്ഞിരുന്നു. അതുകേട്ട ജനം വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷമുന്നണിയെ അധികാരത്തില്‍ കയറ്റി. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് തന്നെ പലമന്ത്രിമാരും അഴിമതി നടത്തിയതായി കോടതി തന്നെ കണ്ടെത്തി. അതിനെ തുടര്‍ന്ന് പലരും രാജിവെച്ച് ഇറങ്ങിപോകേണ്ടതായും വന്നു. അങ്ങനെയുള്ള ധാരാളം കാഴ്ചകള്‍ നാം കണ്ടുവരികയാണ്. എന്നിട്ടും കുത്തക മുതലാളിമാരെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്. നിലവില്‍ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്ക് കാര്യമായ രീതിയില്‍ ജോലി നല്‍കുന്നതിന് സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സംവരണം ഉണ്ടായിരുന്നിട്ടും പാവങ്ങള്‍ ഇപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞികുടിക്കുകയാണ്. ഇതുമനസ്സിലാക്കിയിട്ടും സര്‍ക്കാരുകള്‍ മുന്നാക്കക്കാരെ പ്രീണിപ്പിക്കുന്നതിനുവേണ്ടി മാത്രമാണ് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിലൂടെ മതന്യൂനപക്ഷങ്ങളുടെ ക്ഷമയെപരീക്ഷിക്കുകയാണ് സര്‍ക്കാര്‍. ഇതിനെതിരേ പിന്നാക്ക- ദലിത്- മുസ്്‌ലിം സംഘടനകളെ സംഘടിപ്പിച്ചു സമരം നടത്താനുള്ള ശ്രമത്തിലാണ് എസ്ഡിപിഐയെന്നും അദ്ദേഹം പറഞ്ഞു.മുമ്പ് ഇരുന്നിട്ടുള്ള സര്‍ക്കാരുകള്‍ ഒന്നും തന്നെ തിരഞ്ഞെടുപ്പുകളില്‍ തിരിമറികള്‍ നടത്തിയിട്ടില്ല. എന്നാല്‍ നരേന്ദ്രമോദി ഭരണം തുടങ്ങിയ ശേഷം തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന മെഷീനുകളില്‍ പോലും തിരിമറി നടത്തുതകയാണ്. ഗുജറാത്തിലും ഇതാണ് ഉണ്ടായത്. ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണ് ബിജെപി പലയിടത്തും ജയിക്കാന്‍ കാരണമെന്നും മതന്യൂനപക്ഷങ്ങളേയും മുസ്്‌ലിം സംഘടനകളെ കൂടി ഉള്‍പ്പെടുത്തികൊണ്ട് ശക്തമായ പ്രതിപക്ഷം വന്നാല്‍ ബിജെപിയെ നിഷ്പ്രയാസം തൂത്തെറിയാമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ആക്ടിങ് പ്രസിഡന്റ് വി ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, ജില്ലാ ഖജാഞ്ചി അയത്തില്‍ റസാഖ്, സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എകെ ഷെരീഫ്, ഷാജഹാന്‍കുന്നുംപുറം, നജുമുദ്ദീന്‍ അഞ്ചുമുക്ക്, സബീര്‍ പള്ളിമുക്ക്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ് ഷെഫീക്ക് കരുവ സംസാരിച്ചു.
Next Story

RELATED STORIES

Share it