മുന്നണി വിപുലീകരണം; എല്‍ഡിഎഫ് യോഗം നാളെസ്വന്തം

പ്രതിനിധിതിരുവനന്തപുരം: മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ സജീവമാക്കി എല്‍ഡിഎഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനതാദള്‍ യുനൈറ്റഡിനെയും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയും എല്‍ഡിഎഫ് പാളയത്തിലേക്ക് എത്തിക്കാനുള്ള കരുനീക്കങ്ങള്‍ നേതൃത്വം ആരംഭിച്ചു. നാളെ തിരുവനന്തപുരത്ത് ചേരുന്ന എല്‍ഡിഎഫ് യോഗം വിഷയം സജീവമായി ചര്‍ച്ചചെയ്യും. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മുന്നണി വിപുലീകരണം സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നു. ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തെ മുന്നണിയിലെത്തിക്കുന്നതിനു പാര്‍ട്ടി തന്നെ മുന്‍കൈ എടുക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് വിട്ടപ്പോഴും മുന്നണിക്കൊപ്പം നിന്ന മാത്യു ടി തോമസ് വിഭാഗത്തെ വിശ്വാസത്തിലെടുത്തുവേണം ഇക്കാര്യത്തില്‍ മുന്നോട്ടുപോവേണ്ടതെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി. സിപിഐ അടക്കമുള്ള പ്രധാന ഘടകകക്ഷികള്‍ക്ക് വീരേന്ദ്രകുമാറിന്റെ മടങ്ങിവരവിനോട് അനുകൂല നിലപാടായതിനാല്‍ ഇക്കാര്യത്തില്‍ മറ്റു തടസ്സങ്ങളൊന്നുമില്ലെന്ന കണക്കുകൂട്ടലിലാണ് സിപിഎമ്മുള്ളത്. അതേസമയം, കേരളാ കോണ്‍ഗ്രസ് മാണിവിഭാഗത്തിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ അവരുമായി ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. പരസ്യമായ ക്ഷണം എല്‍ഡിഎഫോ സിപിഎം നേതാക്കളോ നടത്തേണ്ടതില്ല. മുന്നണിപ്രവേശനം മാണി കോണ്‍ഗ്രസ് തീരുമാനിച്ചു പറയുമ്പോള്‍ പ്രതികരിച്ചാല്‍ മതിയെന്നും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കേരളാ കോണ്‍ഗ്രസ് കോട്ടയത്ത് നടത്തിയ മഹാസമ്മേളനത്തില്‍ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച സൂചനകള്‍ നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പി ജെ ജോസഫ് ഇടഞ്ഞുനില്‍ക്കുന്നതാണ് ഉറച്ച തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് തടസ്സമാവുന്നത്.
Next Story

RELATED STORIES

Share it