മുന്നണി പ്രവേശനം വൈകില്ല: കെ എം മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ്സി(എം)ന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് അധികം താമസിയാതെ പ്രഖ്യാപനമുണ്ടാവുമെന്ന് ചെയര്‍മാന്‍ കെ എം മാണി. അതിനായി കുറച്ചു കൂടി കാത്തിരിക്കണം. ചിന്തിച്ചുറപ്പിച്ചുവേണം തീരുമാനമെടുക്കാ ന്‍. ചാടിക്കയറി തീരുമാനമെടുക്കാനാവില്ല. എല്ലാ കാര്യങ്ങളും അവഗാഹത്തോടെ ചര്‍ച്ച ചെയ്ത് വൈകാതെ പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഡിഎഫിലേക്കില്ലെന്ന സൂചന നല്‍കിയ കെ എം മാണി, മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രശംസിക്കാനും മറന്നില്ല. കേരളാ കോണ്‍ഗ്രസ് (എം) മഹാസമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരുമായി സഹകരിക്കും. കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു കാര്‍ഷിക കരട് ബദല്‍രേഖയാണ് കേരളാ കോ ണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. ഓരോ വിഷയത്തിലും തങ്ങളുടെ പാക്കേജുമായി സഹകരിക്കുന്നവരുമായി യോജിക്കും. വിശാലമായ കാര്‍ഷിക താല്‍പര്യമുള്ള സംഘടനകളുമായി യോജിച്ച് പൊതുവേദി രൂപപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ഒരേ ആശയവും സമീപനവുമുള്ള പ്രസ്ഥാനങ്ങളുടെ ഐക്യനിര രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്രീയകക്ഷികളേക്കാളുപരി കുട്ടനാട്ടിലും പാലക്കാടുമുള്ളതുപോലെ ധാരാളം കര്‍ഷകസംഘടനകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുമായി ചേര്‍ന്ന് ഒരു ഫെഡറേഷന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലേക്ക് ക്ഷണിക്കുന്നില്ലേയെന്ന ചോദ്യത്തിന് അങ്ങനെ എല്ലായിടത്തേക്കും പോവാനാവുമോയെന്നും നോക്കിയും കണ്ടുമല്ലേ പോവാന്‍ പറ്റൂ എന്നുമായിരുന്നു മാണിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിവിരോധമില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. പിണറായി വിജയന്‍ മൃദുസമീപനമുള്ള നേതാവാണ്. അധികം സംസാരിക്കാറില്ല. എപ്പോഴും ചിലക്കുകയും കുത്തുകയും നോവിക്കുകയും ചെയ്യുന്ന നേതാവല്ല പിണറായി. അതുകൊണ്ടുതന്നെ വ്യക്തിപരമായി പിണറായിയോട് വിയോജിപ്പില്ല. എന്നാല്‍, ഭരണത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കേരളാ കോണ്‍ഗ്രസ്സിനെ വേണ്ടെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് ആരുടെയും പക്കല്‍ സ്ഥാനം ചോദിച്ചു പോയിട്ടില്ലെന്നായിരുന്നു മറുപടി. ആരും സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒറ്റയ്ക്കു നില്‍ക്കാന്‍ ഭയമില്ല. അതാണ് സുഖം. തനിച്ചുനിന്നിട്ടും പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചില്ല. ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുനില്‍ക്കുകയാണ് ചെയ്തത്. പിന്നില്‍നിന്ന് കുത്തുന്നവര്‍ അകത്തും പുറത്തുമുണ്ട്. വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി മഹാസമ്മേളനത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചതില്‍ കൂടുതല്‍ വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. അതേസമയം, പിന്നില്‍നിന്ന് കുത്തുന്നവര്‍ കേരളാ കോണ്‍ഗ്രസ്സിനുള്ളിലല്ലെന്ന് അദ്ദേഹം തിരുത്തി.
Next Story

RELATED STORIES

Share it