malappuram local

മുനിസിപ്പല്‍ യോഗം ബഹളത്തില്‍ കലാശിച്ചു

പൊന്നാനി:തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പൊന്നാനിയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി യോഗം ബഹളത്തില്‍ കലാശിച്ചു.
നേതൃത്വത്തിനെതിരേ കടുത്ത ഭാഷയില്‍ പ്രവര്‍ത്തകര്‍ പ്രതികരിച്ചതോടെയാണ് യോഗം ബഹളത്തില്‍ മുങ്ങിയത്. മുനിസിപ്പല്‍ കമ്മിറ്റി നേതാക്കളുടെ പിടിപ്പുകേടാണ് കനത്ത തോല്‍വിക്ക് കാരണമെന്നും തീരദേശത്തെ ചില വാര്‍ഡുകളില്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഐയുമായി രഹസ്യ ധാരണയുണ്ടാക്കിയതായും തെളിവ് സഹിതം പ്രവര്‍ത്തകര്‍ യോഗത്തില്‍ അവതരിപ്പിച്ചതോടെ യോഗം ബഹളത്തില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.മുനിസിപ്പല്‍ പ്രസിഡന്റായ സമദും സെക്രട്ടറിയായ മൊയ്തീന്‍ ബാവയും സ്ഥാനങ്ങള്‍ രാജിവക്കണമെന്ന് ഭൂരിപക്ഷം പ്രവര്‍ത്തകരും യോഗത്തില്‍ ആവശ്യപ്പെട്ടു.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പൊന്നാനി മണ്ഡലം സെക്രട്ടറി പി ടി അലി രാജിവച്ചത് മാതൃകയാക്കാന്‍ മുനിസിപ്പല്‍ നേതാക്കള്‍ ശ്രമിച്ചില്ലെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.സിപിഐയുമായി ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയതിന് തെളിവുകളുമായാണ് പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയത്. ഇതേ കാരണത്തെ ചൊല്ലി സിപിഐ പൊന്നാനി ഏരിയാ കമ്മിറ്റിയിലെ രണ്ട് നേതാക്കള്‍ രാജിവച്ചിരുന്നു. കഴിഞ്ഞ തവണ തീരദേശത്ത് ആറ് സീറ്റ് ഉണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ ആനപ്പടിയിലെ ഏക വാര്‍ഡ് മാത്രമാണ് ലഭിച്ചത്.
പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലാണ് മുനിസിപ്പല്‍ നേതൃത്വം തിരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. അധികാരം മോഹിച്ച നേതൃത്വം വാര്‍ഡ് തല കമ്മിറ്റിയുടെ അഭിപ്രായം മാനിക്കാതെ സ്വയം സ്ഥാനാര്‍ഥികളായി തോല്‍ക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അമ്പതാം വാര്‍ഡില്‍ മല്‍സരിച്ച ചെയര്‍പേഴ്‌സണായിരുന്ന പി ബീവിയെ നേതൃത്വം ശരിയായ രീതിയില്‍ പിന്തുണച്ചില്ലെന്നും ഇതാണ് ബീവിയുടെ പരാജയത്തിന് കാരണമായതെന്നും യോഗത്തില്‍ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. നേതൃത്വത്തിന്റെ തന്നിഷ്ടവും അപക്വതയുമാണ് നഗരസഭാ ഭരണം നഷ്ടമാവാന്‍ ഇടയാക്കിയതെന്ന് തീരദേശം മേഖലയിലെ പ്രവര്‍ത്തകര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടി.
പ്രവര്‍ത്തകരുമായി കൂടിയാലോചനയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച മണ്ഡലം സെക്രട്ടറി പി ടി അലി, മുനിസിപ്പല്‍ നേതാക്കളായ സമദ്, മൊയ്തീന്‍ ബാവ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബഹളം വെച്ചത് യോഗ നടപടികള്‍ തടസ്സപ്പെടാന്‍ ഇടയാക്കി. മുനിസിപ്പല്‍ നേതൃത്വത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതൃത്വവും രംഗത്ത് വന്നിരുന്നു.
Next Story

RELATED STORIES

Share it