Flash News

മുത്ത്വലാഖ് സ്വമേധയാ പരിഗണിച്ചത് തെറ്റ് ; മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍



സിദ്ദീഖ്  കാപ്പന്‍ ന്യൂഡല്‍ഹി: മുത്ത്വലാഖ് മരിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍. മുത്ത്വലാഖ് വിഷയം സുപ്രിംകോടതി സ്വമേധയാ പരിഗണിച്ചത് തെറ്റാണ്. മുസ്‌ലിം സമുദായം കൈയൊഴിഞ്ഞുകൊണ്ടിരിക്കുന്ന സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമാണ് ഇതുകൊണ്ട് സംഭവിക്കുക. മുത്ത്വലാഖ് വിഷയം സുപ്രിംകോടതി സ്വമേധയാ പരിഗണിക്കാന്‍ തീരുമാനിച്ചതിനുശേഷമാണ് ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ കോടതിയെ സമീപിച്ചത്. അതിനു മുമ്പ് ആരും ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടില്ല. രാജ്യത്തെ പരമോന്നത നീതിപീഠം പോലുള്ള മതേതര വേദികളില്‍ ഇത് ചര്‍ച്ചചെയ്യപ്പെടുകയോ വെല്ലുവിളിക്കപ്പെടുകയോ ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ ഇവ തിരിച്ചുവരുകയാണ് ചെയ്യുക. മുസ്‌ലിം സമുദായത്തില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും മുത്ത്വലാഖ് വിഷയത്തില്‍ സുപ്രിംകോടതിയില്‍ നടക്കുന്ന വാദത്തിനിടെ ബോര്‍ഡിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ വ്യക്തമാക്കി. തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് തോന്നിയാല്‍ സമുദായം ശക്തമായ നിലപാടെടുക്കും. മുസ്‌ലിം സമുദായത്തിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് ഇപ്പോള്‍ മുത്ത്വലാഖ് നടപ്പാക്കുന്നതെന്നും സിബല്‍ വാദിച്ചു. മുസ്‌ലിം സമുദായത്തെ ഭീമാകാരന്‍മാരായ കഴുകന്‍മാരുടെ ഇടയില്‍ ജീവിക്കുന്ന ചെറിയ പക്ഷികളോട് ഉപമിച്ച സിബല്‍, മുസ്‌ലിം സമുദായത്തിന്റെ കൂടുകള്‍ക്ക് സുപ്രിംകോടതിയുടെ സംരക്ഷണം നിര്‍ബന്ധമാണെന്ന് ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന് കഴിഞ്ഞ 67 വര്‍ഷത്തെ സുപ്രിംകോടതിയിലുള്ള വിശ്വാസം അടിസ്ഥാനപരമാണെന്നും ഈ വിശ്വാസമാണ് രാജ്യത്തെ ഊര്‍ജസ്വലമാക്കിയതെന്നും സിബല്‍ പറഞ്ഞു. വിവാഹ ഉടമ്പടി സമയത്തു തന്നെ മുത്ത്വലാഖ് സ്വീകാര്യമാണോ എന്ന സ്ത്രീയുടെ അഭിപ്രായം രേഖപ്പെടുത്തണമെന്ന നിര്‍ദേശം വിവാഹം നടത്തിക്കൊടുക്കുന്ന പണ്ഡിതന്‍മാര്‍ക്ക് നല്‍കാന്‍ ബോര്‍ഡിന് സാധിക്കുമോ എന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ആരാഞ്ഞു. ഇത് വളരെ ചിന്തനീയമായ നിര്‍ദേശമാണെന്നു പറഞ്ഞ സിബല്‍, ഇക്കാര്യം വളരെ ഗൗരവമായി പരിഗണിക്കുമെന്നും വിഷയത്തില്‍ ബോര്‍ഡിലെ അംഗങ്ങളുമായി സംസാരിച്ചതിനുശേഷം പ്രതികരിക്കാമെന്നും പറഞ്ഞു. കോടതിയുടെ എല്ലാ നിര്‍ദേശങ്ങളും പൂര്‍ണ വിനയത്തോടെ സ്വീകരിക്കും. കൂടാതെ, മുത്ത്വലാഖ് പാപമാണെന്നും അതു ചെയ്യുന്നവരെ സമുദായം ബഹിഷ്‌കരിക്കണമെന്നും 2017 ഏപ്രില്‍ 14ന് വ്യക്തിനിയമ ബോര്‍ഡ് പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ അറിയിച്ചു. അതേസമയം, മുത്ത്വലാഖ് നിരോധിക്കാന്‍ സുപ്രിംകോടതി മടിക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുത്ത്വലാഖ് ഇസ്‌ലാം മതത്തിലെ അടിസ്ഥാനപരമോ അവിഭാജ്യമോ ആയ ഘടകമല്ല. അത് നിരോധിക്കുന്നതുകൊണ്ട് മതത്തിന്റെ അടിത്തറയെ ബാധിക്കില്ല. മുത്ത്വലാഖ് സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമുദായത്തിനകത്തുള്ള വിഷയമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
Next Story

RELATED STORIES

Share it