മുത്ത്വലാഖ് ബില്ല് രാജ്യസഭ തിങ്കളാഴ്ച പരിഗണിക്കും

മുത്ത്വലാഖ് ബില്ല് രാജ്യസഭ തിങ്കളാഴ്ച പരിഗണിക്കും
X
ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ മുത്ത്വലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കി. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്ത ആര്‍ജെഡി, ബിജെഡി, എഐഎഡിഎംകെ പോലുള്ള കക്ഷികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ബില്ല് തിങ്കളാഴ്ചയാണ് രാജ്യസഭയുടെ പരിഗണനയ്ക്കു വരുക. എന്നാല്‍, ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ല് നിലവിലെ രൂപത്തില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിനാവില്ല.



ബില്ലിലെ ചില വ്യവസ്ഥകളോട് എഐഎഡിഎംകെ പോലുള്ള കക്ഷികള്‍ ശക്തമായ എതിര്‍പ്പ് ലോക്‌സഭയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവരെ രാജ്യസഭയില്‍ ഒപ്പം നിര്‍ത്തുന്നതിനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആരംഭിച്ചിട്ടുണ്ട്. നേരത്തേ ലോക്‌സഭ പാസാക്കിയ പല ബില്ലുകളും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മൂലം രാജ്യസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടേണ്ടിവന്നിട്ടുണ്ട്. ഈ ബില്ലും അതുപോലെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടാനാകും പ്രതിപക്ഷം ശ്രമിക്കുക. സെലക്ട് കമ്മിറ്റിക്ക് വിട്ടാല്‍ ജനുവരി അഞ്ചിന് സമാപിക്കുന്ന പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്ല് പാസാക്കാനാവില്ല. രാജ്യസഭയിലും പാസാക്കിയാലേ ഇത് നിയമമാവുകയുള്ളൂ.
Next Story

RELATED STORIES

Share it