Flash News

മുത്ത്വലാഖ് ബില്ല് ദുരുദ്ദേശ്യപരം: എസ്ഡിപിഐ

മുത്ത്വലാഖ്   ബില്ല് ദുരുദ്ദേശ്യപരം: എസ്ഡിപിഐ
X
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ലോക്‌സഭ അംഗീകരച്ച മുത്ത്വലാഖ് ബില്ല് വേണ്ടത്ര ആലോചിക്കാതെ തയ്യാറാക്കിയതാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ദുരുദ്ദേശ്യപരവും തിടുക്കത്തില്‍ തട്ടിക്കൂട്ടിയതുമാണെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എ സഈദ് ഡല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഈ ബില്ല് നിയമമായി മാറിയാല്‍  സുരക്ഷിതരാവുമെന്ന് പറയപ്പെടുന്ന സ്ത്രീകള്‍ക്ക് വിപരീത ഫലമായിരിക്കും ഉണ്ടാവുക. മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമം വേ ണം. എന്നാല്‍, മുത്ത്വലാഖ് എന്ന  സാമൂഹിക സമ്പ്രദായം ക്രിമിനല്‍വല്‍ക്കരിക്കുന്നത്  സ്ത്രീക്കും പുരുഷനുമിടയില്‍ സംഘര്‍ഷമുണ്ടാക്കും. സ്ത്രീയെ സംരക്ഷിക്കുന്നതിന് മതിയായ നിയമവും ജീവനാംശ അവകാശങ്ങളുമില്ലാതെ, മുത്ത്വലാഖ് വഴി വിവാഹ മോചനം ചെയ്യുന്ന പുരുഷനെ ജയിലിലടച്ചാല്‍, വിവാഹ മോചിതയായ സ്ത്രീ കൂടുതല്‍ നിസ്സഹായയാവും. നൈതികതയും സത്യസന്ധതയുമില്ലാത്ത നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍, മുത്ത്വലാഖ് എന്ന വെറുമൊരു ആരോപണത്തിന്റെ പേരില്‍ മാത്രം ഒരു നിരപരാധിയെ മൂന്നു വര്‍ഷംവരെ ജയിലിലടയ്ക്കാനാവുമെന്ന് സഈദ് ചൂണ്ടിക്കാട്ടി.



ബഹുഭാര്യത്വം നിയമവിരുദ്ധമായിട്ടും രാജ്യത്തെ രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും രണ്ടും മൂന്നും വിവാഹം ചെയ്തിട്ടുണ്ട്. ഇവരെ ക്രിമിനലുകളായി പരിഗണിക്കാറില്ല. ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തി അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നവര്‍ക്ക് വരെ വളരെ വേഗം ജാമ്യം ലഭിക്കുന്നു. പലപ്പോഴും അത്തരം ക്രിമിനലുകളെ അറസ്റ്റു ചെയ്യാന്‍ തയ്യാറാവാത്ത സാഹചര്യമുള്ള രാജ്യത്താണ് ഒരു സാമൂഹിക ആചാരത്തെ ജാമ്യം ലഭിക്കാത്ത ക്രിമിനല്‍ കുറ്റമാക്കുന്നത്. ബില്ല് പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. മുത്വലാഖ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമുദായ നേതാക്കളുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it