Flash News

മുത്തലാഖ് ബില്ല് രാജ്യസഭയില്‍; ബിജെപി എംപിമാര്‍മാര്‍ക്ക് വിപ്പ്

മുത്തലാഖ് ബില്ല് രാജ്യസഭയില്‍; ബിജെപി എംപിമാര്‍മാര്‍ക്ക് വിപ്പ്
X
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് രാജ്യസഭയില്‍. ബില്ല് പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തില്‍ ബിജെപി തങ്ങളുടെ എംപിമാര്‍ക്ക് അടുത്ത് രണ്ടുദിവസം സഭയില്‍ ഹാജരായിരിക്കണമെന്ന് കാണിച്ച് വിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യസഭയില്‍ ആവശ്യത്തിന് ഭൂരിപക്ഷമില്ലാത്ത ബിജെപിയ്ക്ക് ബില്ല് പാസാക്കിയെടുക്കുക വലിയ കടമ്പയാണ്. ഈ സാഹചര്യത്തിലാണ് എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിരിക്കുന്നത്.
245 അംഗ രാജ്യസഭയില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും 57 അംഗങ്ങള്‍ വീതമാണുള്ളത്. എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന ലീഗ്, അണ്ണാ ഡിഎംകെ, ഡിഎംകെ,ആര്‍ജെഡി, ബിജെഡി അടക്കമുള്ള പാര്‍ട്ടികളുടെ അംഗബലം 70 ആണ്. രാജ്യസഭയില്‍ 12 അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാടും നിര്‍ണായകമാവും.



കോണ്‍ഗ്രസ്, ഇടത്, അണ്ണാ ഡിഎംകെ, ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ല.
മുത്ത്വലാഖ് വഴി വിവാഹമോചനം നടത്തുന്ന പുരുഷനു മൂന്നു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. പിഴ എത്രയാണെന്ന് ബില്ലില്‍ വ്യക്തമാക്കുന്നില്ല. വിവാഹമോചനത്തിനു ശേഷം സ്ത്രീക്കും കുഞ്ഞിനും കോടതി വഴി ജീവനാംശത്തിനും  അര്‍ഹതയുണ്ട്.ഈ വിഷയങ്ങളിലാണ് പ്രതിപക്ഷം ഭേദഗതി ആവശ്യപ്പെടുന്നത്.
അതേസമയം, പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ശബ്ദവോട്ടോടെ തള്ളിയാണ് കഴിഞ്ഞ ആഴ്ച ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം നിര്‍ദേശിച്ച എല്ലാ ഭേദഗതികളും വോട്ടിനിട്ട് തള്ളി ബില്ല് പാസാക്കുകയായിരുന്നു.
നിര്‍ദിഷ്ട ബില്ല്, മതവിശ്വാസത്തിന്റെ പേരില്‍ യാതൊരുവിധ വിവേചനത്തിനും പൗരന്മാര്‍ വിധേയരായിക്കൂടാ എന്ന ഭരണഘടനയിലെ അനുച്ഛേദം 15ന്റെ ലംഘനമാണ്. മുസ്‌ലിംകളുമായി കൂടിയാലോചിക്കാതെയാണ് കരട് തയ്യാറാക്കിയതെന്നും ബില്ല് മുസ്‌ലിം സ്ത്രീകള്‍ക്കു നേരെയുള്ള മറ്റൊരു അനീതിയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
ആര്‍ജെഡി, എഐഎംഐഎം, ബിജെഡി, എഐഎഡിഎംകെ, മുസ്‌ലിംലീഗ് അംഗങ്ങള്‍ ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്തു. എന്നാല്‍, കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തുകൊണ്ട് ആദ്യം നോട്ടീസ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച പ്രായോഗികമായ ഭേദഗതികള്‍ പോലും അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്‌ലിംലീഗ് അംഗങ്ങള്‍ വോട്ടെടുപ്പിനിടെ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it