മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്ക് മൊബൈല്‍ ആപ്പ്

കോട്ടയം: മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്ക് പോലിസിന്റെ സഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മൊൈബല്‍ ഫോണ്‍ സ്‌ക്രീനില്‍ ഈ ആപ്പ് നിശ്ചിത സെക്കന്‍ഡ് തൊട്ടാല്‍ ഓട്ടോമാറ്റിക്കായി സമീപത്തെ പോലിസ് സ്റ്റേഷനില്‍ കോള്‍ എത്തുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കുന്നത്. വീടുകളില്‍ ഒറ്റയ്ക്കു കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കോട്ടയം ജില്ലാ പോലിസ് നടപ്പാക്കിയ ഹോട്ട്‌ലൈന്‍ സംവിധാനം 'സ്‌നേഹസ്പര്‍ശം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലിസ് യോഗങ്ങള്‍ വിളിക്കും. സര്‍വീസ് ഡെലിവറി സെന്ററുകളായി പോലിസ് സ്റ്റേഷന്‍ മാറുകയാണ്. നിരവധി സേവനങ്ങളാണ് ഇപ്പോള്‍ പോലിസ് സ്റ്റേഷന്‍ വഴി ലഭ്യമാക്കുന്നത്. ഈ പട്ടിക ഇനിയും വര്‍ധിപ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി. കോട്ടയത്ത് ലാന്‍ഡ് ഫോണുമായി ബന്ധിപ്പിച്ചാണ് ഹോട്ട്‌ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതേ മാതൃകയില്‍ സംസ്ഥാനത്തെ മറ്റു ജില്ലയിലും പദ്ധതി നടപ്പാക്കും. ഇപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും ലാന്‍ഡ് ഫോണുകളില്ലാത്ത സാഹചര്യത്തിലാണ് മൊബൈല്‍ ഫോണിലും സംവിധാനം ലഭ്യമാക്കാന്‍ ആപ്പിന് രൂപം നല്‍കുന്നതെന്നും ഡിജിപി പറഞ്ഞു.
സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ജസ്റ്റിസ് കെ ടി തോമസ് ആദ്യ കോള്‍ വിളിച്ചു. ജില്ലയില്‍ 5,126 വീടുകളില്‍ മുതിര്‍ന്നവര്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ് പറഞ്ഞു. കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി ആര്‍ സോന അധ്യക്ഷത വഹിച്ചു.
ദക്ഷിണമേഖല എഡിജിപി അനില്‍കാന്ത് ഡയറക്ടറി പ്രകാശനം ചെയ്തു. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ കെ സാജു ജോര്‍ജ്, ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍ ഓഫ് കേരള പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ നായര്‍, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് വി വി അനില്‍കുമാര്‍, പോലിസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ കെ മാത്യു, കോട്ടയം നഗരസഭാ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it