palakkad local

മുതലമടയില്‍ സംയുക്ത ട്രേഡ് യൂനിയന്‍ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്‌



കൊല്ലങ്കോട്: മുതലമടയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തി വരുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. മുതലമടയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനാവശ്യമായ കരിങ്കല്ല്, ഇഷ്ടിക, എന്നിവ കിട്ടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചതോടെ സ്വകാര്യവ്യക്തികളും സര്‍ക്കാര്‍ പണികള്‍ കരാറെടുത്തവരും എന്‍ജിനീയര്‍മാരും നെട്ടോട്ടമോടുകയാണ്.  ചുമട്ടുതൊഴിലാളികള്‍ മുതല്‍ അനുബന്ധ തൊഴില്‍ ചെയ്യുന്നവര്‍ വരെ സമരത്തില്‍ സംയുക്ത ട്രേഡ് യൂനിയനില്‍ അണിനിരന്നതോടെ മുതലമടയില്‍ നിര്‍മാണമേഖല സ്തംഭ നാവസ്ഥയിലായി. മൂന്നാം ദിവസമായ ഇന്നലെ കാമ്പ്രത്ത് ചള്ളയിലെ സമരപന്തലില്‍ കഞ്ഞിവയ്പ് സമരം ഉദ്ഘാടനം ചെയ്ത് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍ സംസാരിച്ചു. പോലിസിന്റെ നടപടി നിര്‍മാണ പ്രവര്‍ത്തന മേഖലയെ തളര്‍ത്തുന്ന തരത്തിലാണെന്നും ചെറുകിട ഇഷ്ടികനിര്‍മാണം, കരിങ്കല്‍ ക്വാറികള്‍ എന്നിവക്കു ഉപാധികളോടെ അനുമതി നല്‍കി പ്രവര്‍ത്തിപ്പിക്കേണ്ടതിനു പകരം ഈ മേഖലയെ ഇല്ലാതാക്കി ഉപജീവനം നടത്തുന്നവരെ ദാരിദ്രത്തിലേക്കു തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇഷ്ടിക നിര്‍മാണം, കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം എന്നിവയിലൂടെ നൂറ് കണക്കിനു തൊഴിലാളികളാണ് മേഖലയില്‍ പണിയെടുക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനത്തിനാവശ്യമായ കരിങ്കല്ല് ഇഷ്ടിക എന്നിവ പിടികൂടി നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന കൊല്ലങ്കോട് സി ഐ യുടെ പിടിവാശി മൂലം സമരം മുതലമട പഞ്ചായത്തിനു പുറമേ കൊല്ലങ്കോട് പല്ലശ്ശന എലവഞ്ചേരി വടവന്നൂര്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കാനും സമരസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അഞ്ച് പഞ്ചായത്തിലെ പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേ്ഡ് യൂനിയന്‍ നേതാക്കള്‍, സമരസമിതി അംഗങ്ങള്‍, എന്നിവരുടെ യോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ് ഹാളില്‍ ഇന്നു വൈകീട്ട് 3 മണിക്ക് കൂടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഞ്ഞിവയ്പ് സമരം എ രമാഭരന്റെ അധ്യക്ഷതയില്‍ ആര്‍ചിന്നക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സ തിരുചന്ദ്രന്‍ (സിപിഎം) എന്‍ കെ ഷാഹുല്‍ ഹമീദ് (ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി) ഐഎന്‍ടിയുസി പഞ്ചായത്ത് ഭാരവാഹികളായ അമാനുള്ള, ആര്‍ ബിനോയ്, ബിഎംഎസ് ഭാരവാഹികളായ ഇ ആര്‍ അനന്തന്‍, ശിവദാസന്‍, ഗംഗാധരന്‍, സലീം തെന്നിലാപുരം, അനുരാഗ്, ആര്‍ അരവിന്ദാക്ഷന്‍, കണ്ണന്‍കുട്ടി അരവിന്ദാക്ഷന്‍, ചെല്ല മുത്തു കൗണ്ടര്‍, എം കെ തങ്കവേലു, ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് കുമാര്‍, എം ചന്ദ്രന്‍, സുധാകരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it