malappuram local

മുണ്ടേരിയിലെ സംസ്ഥാന വിത്തുകൃഷിത്തോട്ടം ഓഫിസിനു മുമ്പില്‍ റിലേ സത്യഗ്രഹം ആരംഭിച്ചു

എടക്കര: സംസ്ഥാനത്തെ കൃഷിഫാം തൊഴിലാളികളുടെ ശമ്പളം പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അട്ടിമറിച്ച  ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയന്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ മുണ്ടേരി സംസ്ഥാന വിത്ത് കൃഷിത്തോട്ടം ഓഫിസിനു മുമ്പില്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു. ശമ്പള പരിഷ്‌ക്കരണ ഉത്തരവ് പ്രകാരം ആനുകൂല്ല്യങ്ങള്‍ ലഭിക്കേണ്ട വിരമിച്ച തൊഴിലാളികളാണ് ഫാമില്‍ റിലേ സത്യഗ്രഹം ആരംഭിച്ചത്. സമരം ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു)  ജില്ലാ സെക്രട്ടറി സി എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ ഉദയകുമാര്‍ അധ്യക്ഷനായി.
2017 മെയ് 17 നായിരുന്നു ശമ്പള പരിഷ്‌ക്കരണ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകാരം 2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളം നല്‍കേണ്ടത്. 2014 മുതല്‍  2017 വരെയുള്ള ശമ്പള കുടിശിഖ നാല് ഗഡുക്കളായി വിതരണം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ സര്‍വീസിലുള്ള തൊഴിലാളി കള്‍ക്ക് 2017 ഏപ്രില്‍ 1 മുതല്‍ വര്‍ധിപ്പിച്ച ശമ്പളം വിതരണം ചെയ്‌തെങ്കിലും 2014 മുതല്‍ വിരമിച്ച തൊഴിലാളികളെ പരിഗണിച്ചില്ല.
ചില ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. ഈ സാഹചര്യത്തിലാണ് വിരമിച്ച തൊഴിലാളികളുടെ വിവിധ യൂണിയനുകളുടെ കൂട്ടായ്മയില്‍ ഓഫിസിന് മുമ്പില്‍ റിലേ സത്യാഗ്രഹം ആരംഭിച്ചത്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച്  ടൗണില്‍ പ്രകടനങ്ങള്‍ നടന്നു. സത്യഗ്രഹ സമര ഉദ്ഘാടന ചടങ്ങില്‍ പി ഷെഹീര്‍, വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് രാജഗോപാല്‍, പ്രഭാകരന്‍, കെ പി അബ്ദുല്‍ കലാം, കെ വി ജോണി, ഒ പി യാക്കൂബ്, പി ഹസന്‍ മുഹമ്മദ്, കെ ഗംഗാധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it