മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍; കര്‍ഷകസമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: അര്‍ധരാത്രിയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നു ഭാരതീയ കിസാന്‍ യൂനിയന്റെ (ബികെയു) നേതൃത്വത്തില്‍ 10 ദിവസം നീണ്ട കര്‍ഷകരുടെ “കിസാന്‍ ക്രാന്തിയാത്രഅവസാനിപ്പിച്ചു.
ആദ്യ ദിവസം ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ തല്ലിച്ചതച്ച കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം സമരക്കാര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. സമരം വിജയിച്ചതായും കര്‍ഷകരുടെ ആത്മവിശ്വാസത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയെന്നും പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്ത ബികെയു അധ്യക്ഷന്‍ നരേഷ് തികായത് പറഞ്ഞു.
അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെങ്കിലും ഇപ്പോഴത്തെ സമരം നിര്‍ത്തിവയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സമരക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടതായി ബികെയു അറിയിച്ചു.
കഴിഞ്ഞമാസം 23ന് ഹരിദ്വാറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 70,000ത്തോളം കര്‍ഷകരാണ് പങ്കെടുത്തത്. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച് നടത്തിയത്. ചൊവ്വാഴ്ച രാവിലെ ഗാസിയാബാദില്‍ റാലി തടഞ്ഞ് സമരക്കാരെ പോലിസും അര്‍ധസൈനിക വിഭാഗവും തല്ലിച്ചതച്ചിരുന്നു. വിഷയം പ്രതിപക്ഷകക്ഷികള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം തുടങ്ങിയതോടെ ഇന്നലെ അര്‍ധരാത്രി വീണ്ടും ചര്‍ച്ച നടത്തി കര്‍ഷക ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
ആറു ദിവസത്തിനുള്ളില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചപ്രഖ്യാപനം സര്‍ക്കാര്‍ ഔദ്യോഗികമായി നടത്തും. എല്ലാ പ്രതിബന്ധങ്ങളെയും നിര്‍ഭയമായി നേരിട്ടാണു യാത്ര 250 കിലോമീറ്ററിലേറെ താണ്ടി ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നതെന്നും അതു കര്‍ഷകരുടെ വിജയമാണെന്നും നരേഷ് തികായത് പറഞ്ഞു. പ്രക്ഷോഭം അവസാനിപ്പിച്ചതോടെ കര്‍ഷകര്‍ നാട്ടിലേക്കു മടങ്ങിത്തുടങ്ങി.

Next Story

RELATED STORIES

Share it