thrissur local

മുട്ടത്തോടിനുള്ളില്‍ ചിത്രവിസ്മയമൊരുക്കി സൂരജ്

തൃശൂര്‍: ചുവര്‍ചിത്രങ്ങളും കടലാസ് ചിത്രങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, മുട്ടത്തോടിനുള്ളില്‍ കലയുടെ പുതുവിസ്മയലോകം സൃഷ്ടിക്കുകയാണ് വടക്കാഞ്ചേരി സ്വദേശി സൂരജ്. കേരള സാഹിത്യ അക്കാദമിയുടെ ദേശീയപുസ്തകോല്‍സവത്തിന്റെ ഭാഗമായി അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുട്ടത്തോടിലെ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ കാണികള്‍ ധാരാളമെത്തുന്നു. മുട്ടക്കുള്ളില്‍ 2.5 മില്ലീമീറ്റര്‍ ദ്വാരമുണ്ടാക്കി സിറിഞ്ച് ഉപയോഗിച്ച് മാംസഭാഗങ്ങള്‍ എടുത്തുകളഞ്ഞ് ഒരു മില്ലീമീറ്റര്‍ വരുന്ന ഈര്‍ക്കില്‍ ബ്രെഷുകൊണ്ട് ആക്രിലിക് പെയ്ന്റ് ഉപയോഗിച്ച് കുത്തുകളിട്ട് സൂക്ഷ്മതയോടെയാണ് സൂരജ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. മണിക്കൂറുകളോളം സമയമെടുത്ത് വരച്ചിട്ടുള്ള ചിത്രങ്ങള്‍ ആരിലും അത്ഭുതാദരങ്ങള്‍ സൃഷ്ടിക്കും. ദ്വാരത്തിനുള്ളിലേക്ക് നോക്കുന്ന പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ മറ്റൊരു വസന്തം പകരുകയാണ് ഈ ചിത്രങ്ങള്‍. സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ലെനിന്‍, ചെഗുവേര എന്നീ ജനനേതാക്കളും യേശുക്രിസ്തു, മദര്‍ തെരേസ, ചാര്‍ളി ചാപ്ലിന്‍ തുടങ്ങിയ മഹാത്മാക്കളും ചിത്രങ്ങള്‍ക്ക് വിഷയമാവുന്നു. ആട് 2 എന്ന സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പനും സൂരജിന്റെ ചിത്രങ്ങളില്‍ ഇതള്‍ വിരിയുന്നുണ്ട്. പുസ്തകോത്സവവേദിയില്‍ പ്രദര്‍ശനം പത്താം തിയതി വരെ നീണ്ടുനില്‍ക്കും.
Next Story

RELATED STORIES

Share it