മുഖ്യമന്ത്രി നാളെ യുഎഇയില്‍

അബൂദബി: പ്രളയദുരന്തത്തിനിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ യുഎഇയിലെത്തുന്നു. രാവിലെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രി വൈകീട്ട് അബൂദബിയില്‍ നടക്കുന്ന വാണിജ്യപ്രമുഖരുടെ സമ്മേളനത്തില്‍ സംബന്ധിക്കും.
നാളെ രാത്രി 8ന് അബൂദബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച ദുബയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പിണറായി സംബന്ധിക്കും. ഷാര്‍ജയിലും പ്രവാസികളുടെ പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.
നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലി വിവിധ പരിപാടികളില്‍ സംബന്ധിക്കും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യുഎഇ ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വിഭാഗം മേധവിയുമായിരുന്ന ഡോ. ഇളങ്കോവന്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന ആശയത്തില്‍ ഊന്നിയുള്ള പരിപാടിയായതുകൊണ്ട് വിവിധ മേഖലകളിലുള്ളവരുടെ സഹകരണവും സാന്നിധ്യവും ഉറപ്പുവരുത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിബന്ധനകളുണ്ടെങ്കിലും സന്ദര്‍ശന ഉദ്ദേശ്യം പരമാവധി വിജയിപ്പിക്കാനുള്ള ശ്രമത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ രംഗത്തുണ്ട്. സംസ്ഥാനത്തിന്റെ പ്രശ്‌നമായതിനാല്‍ രാഷ്ട്രീയത്തിന് അപ്പുറമുള്ള പിന്തുണ ഉണ്ടാകും എന്നുതന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it