മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ഹരജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നെന്ന് കാണിച്ച് ലോകായുക്തയ്ക്ക് മുന്നില്‍ ഹരജി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി മുന്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗവും പൊതുപ്രവര്‍ത്തകനുമായ ആര്‍ എസ് ശശികുമാറാണ് ഹരജി നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം ഹരജിക്കാരനു വേണ്ടി ഹാജരായി.
എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ സ്വകാര്യ കടങ്ങളായ കാര്‍വായ്പയും സ്വര്‍ണവായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും സിപിഎം പാര്‍ട്ടി സെക്രട്ടറിക്ക് അകമ്പടി പോവുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട പോലിസുകാരന്റെ കുടുംബത്തിന് നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു മന്ത്രിസഭാ തീരുമാനപ്രകാരമാണ് നല്‍കിയത്. മന്ത്രിസഭയില്‍ അജണ്ടയ്ക്ക് പുറമേ എടുത്ത തീരുമാനങ്ങള്‍ അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമാണെന്നും ഹരജിയില്‍ ആരോപിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച് ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലില്‍ സ്വീകരിച്ച ഹരജി തുടരന്വേഷണത്തിനും തുടര്‍വാദങ്ങള്‍ക്കുമായി 27ലേക്ക് പോസ്റ്റ് ചെയ്ത് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

Next Story

RELATED STORIES

Share it