മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്‌; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ ചോദ്യംചെയ്തു

തലശ്ശേരി: മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വാട്‌സ് ആപ് ഗ്രൂപ്പ് അഡ്മിനെ പോലിസ് ചോദ്യംചെയ്തു. പിണറായി പോലിസ് സ്റ്റേഷന്‍ ഉദ്ഘാടനദിവസം സ്റ്റേ ഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പിടുന്നത് മോര്‍ഫ് ചെയ്ത് മാറ്റി മേശമേല്‍ ഭക്ഷണം കഴിക്കുന്നതും അത് പോലിസ് മേധാവികള്‍ നോക്കിനില്‍ക്കുന്നതുമാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് ഗ്രൂപ് അഡ്മിന്‍ മട്ടന്നൂര്‍ ചാവശ്ശേരി സ്വദേശിയായ യുവാവിനെയാണ് പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ഐപിസി 469ഉം കേരള പോലിസ് ആക്റ്റ് 120 ബി വകുപ്പും അനുസരിച്ച് പ്രമുഖ വ്യക്തികള്‍ക്കു നേരെ അപവാദം പ്രചരിപ്പിച്ചതിന് കേസെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പിണറായി പോലിസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേഷന്‍ എസ്‌ഐയുടെ മുറിയില്‍ ഇരിക്കുകയും സ്‌റ്റേഷന്‍ രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്തിരുന്നു.
സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഉത്തരമേഖലാ ഐജി അനില്‍ കാന്ത്, ജില്ലാ പോലിസ് മേധാവി ശിവവിക്രം എന്നിവരടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോലിസ് സ്‌റ്റേഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പ് രേഖപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി ഒപ്പിടുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചത്. മേശപ്പുറത്തുള്ള രജിസ്റ്ററിന് പകരം ഭക്ഷണ വിഭവങ്ങളടങ്ങിയ ഇലയാണ് ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് വച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വ്യാജചിത്രം പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിണറായി പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it