Articles

മുകുന്ദനും മറ്റും നേതൃത്വം നല്‍കുമോ?

വെട്ടും തിരുത്തും - പി എ എം ഹനീഫ്
അടുത്ത ദിവസങ്ങളില്‍ എഫ്ബി വഴി ഒരു മലയാള അധ്യാപകനോട് ഞാനൊരു വിശേഷം പങ്കുവച്ചു. അദ്ദേഹം 'നാടുഗദ്ദിക' എന്ന എഴുപതുകളിലെ തെരുവുനാടകത്തെ സ്പര്‍ശിച്ച് സംസാരിച്ചതില്‍ പിടിച്ചായിരുന്നു കമന്റ്. നാടുഗദ്ദിക നാടകത്തിലെ ഡയലോഗില്‍ പിടിച്ച് കവി കെ ജി ശങ്കരപ്പിള്ള മധു എന്ന ആദിവാസി യുവാവിനെ ജനം മര്‍ദിച്ചതിനെ പരാമര്‍ശിച്ചിരുന്നു. അവനെ തല്ലിക്കൊന്നു എന്നതു സത്യമായിരിക്കെ മധുവിനെ ഇനി ന്യായീകരിക്കാതിരിക്കാനോ കേട്ടതും സത്യത്തിന്റെ അംശമുള്ളതുമായ ചില വിവരങ്ങള്‍ ചവച്ചരയ്ക്കുന്നതിലോ ഇനി അര്‍ഥമില്ലാത്തതിനാല്‍ വെറുതെ വിടുന്നു.
വിഷയം 'നാടുഗദ്ദിക' നാടകം മാത്രമല്ല. അതിന്റെ സംവിധായകനായ ബേബി പോലും ഇന്ന് ആ നാടകത്തെ പൊക്കിപ്പിടിക്കുമോ എന്നു സംശയമാണ്. കാരണം, അതുന്നയിച്ച നാടക കാര്യത്തിന് ഇന്ന് യാതൊരു സവിശേഷതയുമില്ല.
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' റദ്ദായതു പോലെ നാടുഗദ്ദികയും റദ്ദായി. ഒരു സര്‍ഗാത്മകസൃഷ്ടി കാലത്തെ അതിവര്‍ത്തിക്കുകയും ആ സൃഷ്ടി ഉന്നയിച്ച വര്‍ത്തമാനം 'ശരിയാണല്ലോ' എന്ന് ആസ്വാദകന്‍ ലോകാവസാനം വരെ അമ്പരക്കുകയും ചെയ്യുമ്പോള്‍ പുനരുജ്ജീവനം ആ സൃഷ്ടി കൈവരിക്കുന്നു. വൈലോപ്പിള്ളിയുടെ 'മാമ്പഴം' പോലെ 'മിണ്ടുക മഹാ മുനേ' ഇന്ന് കാവ്യാസ്വാദകരോടു മമതപുലര്‍ത്താത്തത്് രാജന്‍ കേസിന്റെ നാള്‍വഴി പഠിക്കാതെ മഹാകവി, സി അച്യുതമേനോനെ ശകാരിച്ചതിലാണ്. പി കുഞ്ഞിരാമന്‍നായരുടെ 'നരബലി' ഇന്നല്ല, ലോകമുള്ളിടത്തോളം ജീവിക്കുക ഓരോ വരിയും ഇന്നും നിഴല്‍രൂപമായല്ലാതെ ജീവിക്കുന്നതുകൊണ്ടാണ്. 'പീടികത്തിണ്ണ വീടാക്കിസ്സഹോദരി മയങ്ങവേ കൈക്കോഴയാല്‍ ബംഗ്ലാവ് തീര്‍ക്കുമീ ഞാന്‍ മരിക്കണം' എന്ന് കുഞ്ഞിരാമന്‍ നായര്‍ പാടിയത് എത്ര അര്‍ഥവത്താണെന്നും ആഴമേറെയാണതിനെന്നും ഈ മാര്‍ച്ച് വനിതാദിനങ്ങളില്‍ ചിന്തിക്കുമ്പോള്‍ ശിരസ്സ് കുമ്പിട്ടുപോവും. ശങ്കരക്കുറുപ്പിന്റെ 'സൂര്യകാന്തി'ക്കുമുണ്ട് ആ മഹത്ത്വം.
എം മുകുന്ദന്‍ മലയാളിക്ക് പ്രിയപ്പെട്ട എഴുത്തുകാരനാണ്. കുടനന്നാക്കുന്ന ചോയി എന്നൊക്കെ പറഞ്ഞ് ചില വാരിവലിച്ചെഴുത്തുകള്‍ അടുത്തകാലത്ത് നിരത്തിയെങ്കിലും (നല്ലൊരു എഡിറ്ററുടെ സാന്നിധ്യമില്ലാത്ത നോവല്‍) എം മുകുന്ദന്‍ മലയാളത്തിന്റെ മഹാസാന്നിധ്യമാണ്. അഞ്ചരവയസ്സുള്ള കുട്ടിയും പപ്പു കുരുടനായ കഥയുമടക്കം മയ്യഴിപ്പുഴയുടെ തീരങ്ങളിലുമെഴുതി മഹായശസ്സാര്‍ജിച്ച മുകുന്ദന്‍ ഇന്നിപ്പോള്‍ എഴുതുകയോ പറയുകയോ ചെയ്യുന്നു.
1. ദേശീയതലത്തില്‍ മഹാസഖ്യം രൂപവല്‍ക്കരിച്ച് ഫാഷിസത്തെ തളയ്‌ക്കേണ്ട സമയമായി.
2. വരാന്‍ പോവുന്നത് ചെറിയ മനുഷ്യരുടെയും ആദിവാസികളുടെയും കാലമാണ്. രാമായണവും ഗീതയുമൊന്നുമല്ല, ചെറിയ മനുഷ്യരാണ് ഭാരതം സൃഷ്ടിച്ചത്. ഇന്ത്യയില്‍ ഒരു ദലിതന്‍ പ്രധാനമന്ത്രിയാവുക തന്നെ ചെയ്യും.
മയ്യഴി, മോചനം നേടി മഹാസ്വാതന്ത്ര്യം ഉദ്‌ഘോഷിച്ച് ജനം ആര്‍ത്തലച്ചു കടന്നുവരവെ അതൃപ്തനായി, താന്‍ അനുഷ്ഠിച്ച വിപ്ലവ പ്രവര്‍ത്തനങ്ങളോടും സ്വാതന്ത്ര്യസമര പോരാട്ടങ്ങളോടും വിരക്തി നടിച്ച് മതിലോരം ചേരുന്ന ദാസന്‍ അന്ന് 'മയ്യഴിപ്പുഴ' ഇറങ്ങിയ കാലം അസ്തിത്വ ദുഃഖക്കാര്‍ക്ക് ബൈബിള്‍ പോലെയായിരുന്നു. അന്നും യഥാര്‍ഥ സാഹിത്യം അറിയുന്നവര്‍ സന്ദേഹിച്ചു, 'മുകുന്ദന് ഇതെന്തുപറ്റി?'
ഇപ്പോഴും ആ സന്ദേഹം മുകുന്ദന്‍ ഉയര്‍ത്തുന്നു. ഫാഷിസത്തെ തളയ്ക്കാന്‍ മഹാസഖ്യം വേണമത്രേ! ആര് ആരോടാണ് സഖ്യമുണ്ടാക്കേണ്ടത്. പുരോഗമനവാദികള്‍ ഒന്നിക്കണമത്രേ! ഏതു പുരോഗമനവാദികള്‍! കണ്ണൂരിലെ ആ ശുഹൈബ് കൊല ഇപ്പോഴത്തെ മുഖ്യമന്ത്രി അറിഞ്ഞുതന്നെയാണെന്നു പറയാതെ പറഞ്ഞ് സുധാകരനെപ്പോലൊരു രാഷ്ട്രീയ കാപട്യത്തിന്റെ തെറി പിടിച്ചു, കഴിഞ്ഞനാളുകളില്‍ എം മുകുന്ദന്‍.
പരാജയങ്ങളില്‍ തളരാന്‍ പാടില്ലെന്ന് മുകുന്ദന്‍ ആരോടാണു പറയുന്നത്. ത്രിപുരയിലെ ജനങ്ങളോടോ? അവിടെ ബിജെപി തല്‍ക്കാലം അധികാരം പിടിച്ചു എന്നതു നേര്. വോട്ടുശതമാനം നോക്കിയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്രയ്‌ക്കൊന്നും പിറകിലല്ല. ഇന്നിപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ നേരിടുന്ന ഒരുതരം വരട്ടുവാദ തത്ത്വസംഹിത അവരെത്തന്നെ വേട്ടയാടുകയാണ്. കേരളത്തില്‍പ്പോലും കൈയാലപ്പുറത്തെ തേങ്ങപോലെ പരിഹാസ്യമാണ് സ്ഥിതിഗതികള്‍. ദേശീയതലത്തില്‍ ആദിവാസിയും ദലിതനും മുസ്‌ലിംകളും ഒന്നിച്ചാല്‍ പോലും ബിജെപിയുടെ കള്ളനോട്ടടി സംസ്‌കാരവും വോട്ടറെ വിലപേശിപ്പിടിക്കലും ഒരു കാരണവശാലും അസ്തമിക്കില്ല. ദലിതനെ ഇപ്പോള്‍ തന്നെ റെയ്‌സിന ഹില്ലില്‍ ബിജെപി കുടിയിരുത്തിയിട്ടുണ്ടല്ലോ. ഒരു ദലിത് പ്രധാനമന്ത്രിക്കും അവര്‍ മടിക്കില്ല. കാരണം, ഫാഷിസം എന്തിനോടും സമരസപ്പെടും. നക്കി തോര്‍ത്തി ഉടലോടെ വിഴുങ്ങുന്ന സംസ്‌കൃതിയാണത്.
നാളത്തെ ഇന്ത്യ- സംഭവിക്കാതിരിക്കട്ടെ- ഫാഷിസ്റ്റുകളുടേതു മാത്രമാണ്. മുകുന്ദനും അതുപോലുള്ള സര്‍ഗാത്മക സവിശേഷതകള്‍ക്കും ചുണ്ടനക്കാനോ തൂലിക മഷിയില്‍ മുക്കാനോ സാധ്യമാവാത്ത ആസുരകാലം. ഇനിയിപ്പോള്‍ വീണ്ടുവിചാരം വേണ്ടത് ദലിതര്‍ക്കും മറ്റു ന്യൂനപക്ഷക്കാര്‍ക്കുമാണ്. ത്രിപുരയില്‍ ആദിവാസി ഗോത്രങ്ങളും കോണ്‍ഗ്രസ് അനുഭാവികളായ ഗോത്രവര്‍ഗങ്ങളും ഇലക്ഷന്‍ പ്രഖ്യാപിച്ച നാള്‍ മുതല്‍ 2000ന്റെ കറന്‍സിയില്‍ കുളിക്കുകയായിരുന്നു. അവിടെ ജയിച്ചത് കള്ളപ്പണത്തിന്റെ അമിത വ്യാപനങ്ങളായിരുന്നു. ആശ്വാസം! മണിക് ദാ അവിടെ തോറ്റില്ലല്ലോ. ഇപ്പോള്‍ ബിജെപി വിജയിച്ച സംസ്ഥാനങ്ങളിലൊന്നിലും ഒരു ദീര്‍ഘകാല ഭരണം അവര്‍ നല്‍കില്ല. ത്രിപുര പോലും ചാഞ്ചാടും!
ചുരുക്കത്തില്‍, മുകുന്ദന്‍ അല്ലെങ്കില്‍ എം ടി, സക്കറിയ ഒക്കെ നേതൃത്വം നല്‍കേണ്ട സമയം വരുകയാണ്. വോട്ടുപിടിക്കാനല്ല. കാവിയെ ഏഴടി പിന്നാക്കം മാറ്റിനിര്‍ത്താന്‍. എവിടെ? എല്ലാവരും ഇന്ദ്രപ്രസ്ഥത്തിലെ ഇണ്ടാസുകളും കാത്തിരിപ്പാണ്. നല്ലൊരു ലോകയാത്ര തരപ്പെടുത്താന്‍?                                                        ി
Next Story

RELATED STORIES

Share it