മുംബൈ സ്‌ഫോടനക്കേസ് പ്രതി താഹിര്‍ മര്‍ച്ചന്റ് മരിച്ചു

മുംബൈ: 1993ലെ  മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായ താഹിര്‍ മര്‍ച്ചന്റ് (63) ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പൂനെ യേര്‍വാഡ ജയിലില്‍ കഴിയുന്ന  താഹിര്‍ മര്‍ച്ചന്റ് ഇന്നലെ പുലര്‍ച്ചെയാണു മരിച്ചത്.
നെഞ്ചുവേദനയെതുടര്‍ന്ന് പൂനെ സസൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് യേര്‍വാഡ ജയില്‍ അധികൃതര്‍ അറിയിച്ചു. സ്‌ഫോടനങ്ങള്‍ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയെന്നതാണ് താഹിറിനെതിരായ കുറ്റം. അബൂദബിയിലായിരുന്ന താഹിര്‍ മര്‍ച്ചന്റിനെ 2010ലാണ് ഇന്ത്യയിലെത്തിച്ചത്. മുംബൈ സ്‌ഫോടനക്കേസില്‍ 2007ല്‍ പ്രത്യേക ടാഡാ കോടതി സഞ്ജയ് ദത്ത് അടക്കമുള്ള 100ഓളം പ്രതികളെ ശിക്ഷിച്ചിരുന്നു. കഴിഞ്ഞ സപ്തംബറിലാണ്  താഹിര്‍ മര്‍ച്ചന്റ് ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ക്ക് വധശിക്ഷ വിധിച്ചത്. 1993 മാര്‍ച്ച് 12നു നടന്ന 12 സ്‌ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെട്ടു. 713 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it