World

'മുംബൈ ആക്രമണം നടത്തിയ സായുധ സംഘടനകള്‍ പാകിസ്താനില്‍ സജീവം'

ഇസ്‌ലാമാബാദ്: 166ലധികം പേര്‍ കൊല്ലപ്പെട്ട, 2008 നവംബര്‍ 26ലെ മുംബൈ ആക്രമണത്തിനു പിറകില്‍ പാകിസ്താനില്‍ ഇപ്പോഴും സജീവമായ സായുധ സംഘടനകളെന്നു പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. നോണ്‍ സ്‌റ്റേറ്റ് ആക്ടേഴ്‌സ്’ എന്നുവിളിക്കാവുന്ന ഇവര്‍ അതിര്‍ത്തി കടന്ന് മുംബൈയിലെത്തി 150 പേരെ കൊലപ്പെടുത്താന്‍ സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഡോണ്‍ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ശരീഫിന്റെ പ്രതികരണം. ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും മുംബൈ ആക്രമണക്കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ പാകിസ്താന് സാധിക്കാത്തതെന്തെന്നും ശരീഫ് ചോദിച്ചു.
ഇന്ത്യ-പാക് നയതന്ത്രബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍. പാകിസ്താനില്‍ സായുധ സംഘടനകള്‍ സജീവമാണെന്നു ശരീഫ് പരസ്യമായി തുറന്നു സമ്മതിക്കുന്നത് ഇതാദ്യമാണ്.
മുംബൈ ആക്രമണത്തിനായി പാകിസ്താനില്‍നിന്ന് സായുധര്‍ അതിര്‍ത്തി കടന്നതു സംബന്ധിച്ച് വിശദീകരണം വേണമെന്ന് ശരീഫ് പറഞ്ഞു. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ നടക്കുന്ന മുംബൈ ആക്രമണക്കേസ് വിചാരണനടപടികള്‍ ഏതാണ്ട് നിലച്ചിരുന്നു. ഇതിനെതിരേ ഇന്ത്യ കടുത്ത വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.
ദേശവിരുദ്ധ ശക്തികള്‍ക്കായി സ്വന്തം അതിര്‍ത്തികള്‍ പാകിസ്താന്‍ തുറന്നുകൊടുക്കുന്നുവെന്നും ശരീഫ് വിമര്‍ശനമുന്നയിച്ചു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍, സ്വയം വരുത്തിവച്ചതാണെന്നും ശരീഫ് വിമര്‍ശിച്ചു. ഒട്ടേറെ ജീവനുകള്‍ ബലി നല്‍കിയിട്ടും അതിര്‍ത്തി വിഷയത്തില്‍ നമ്മുടെ വാദങ്ങള്‍ക്ക് ആരും ചെവിനല്‍കുന്നില്ല. അഫ്ഗാനിസ്താന്റെ ഭാഗം കേള്‍ക്കാന്‍ പോലും ആളുകളുണ്ട്. എന്നാല്‍, നമ്മെ ആരും കേള്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ ആത്മപരിശോധന ആവശ്യമാണെന്നും ശരീഫ് പറഞ്ഞു.
Next Story

RELATED STORIES

Share it