Flash News

മുംബൈയില്‍ വന്‍ തീപ്പിടിത്തം; 14 പേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ ലോവര്‍ പരേലില്‍ കമലാ മില്‍ കോംപൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ 14 മരണം. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. 21 പേര്‍ക്കു പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണ്. കെട്ടിടത്തിലെ പബ്ബില്‍ ഒരു പിറന്നാളാഘോഷത്തിന് എത്തിയവരാണ് മരിച്ചത്. പിറന്നാള്‍ ആഘോഷിക്കാനെത്തിയ 28കാരിയും സുഹൃത്തുക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പബ്ബിന്റെ ചുമതലയുള്ള സി ഗ്രേഡ് ഹോസ്പിറ്റാലിറ്റിയുടെ ഉദ്യോഗസ്ഥര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലിസ് കേസെടുത്തു.കഴിഞ്ഞ രാത്രി 12.30ഓടെയായിരുന്നു തീപ്പിടിത്തം. കമല ട്രേഡ് ഹൗസിലെ നാലുനിലക്കെട്ടിടത്തിന്റെ റൂഫ്‌ടോപ് റസ്റ്റോറന്റില്‍ നിന്നാണ് അഗ്നിബാധ ആരംഭിച്ചത്. തുടര്‍ന്ന് തീ സമീപത്തെ പബ്ബിലേക്കും മറ്റു കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ സമീപത്തെ കെട്ടിടങ്ങള്‍ മുഴുവന്‍ അഗ്‌നി വിഴുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 12 ഫയര്‍ എന്‍ജിനുകള്‍  ഇന്നലെ പുലര്‍ച്ചെ 6.30ഓടെയാണ് തീ മുഴുവനായും അണച്ചത്. മോജോ ബ്രിസ്‌റ്റോ എന്ന ഹോട്ടലില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 36 ഭക്ഷണശാലകളും നിരവധി വ്യാപാരകേന്ദ്രങ്ങളും ഓഫിസുകളുമാണ് കമലാ മില്‍സ് കോംപൗണ്ടിലെ ഇടുങ്ങിയ പ്രദേശത്തു പ്രവര്‍ത്തിക്കുന്നത്. നിരവധി വാര്‍ത്താ ചാനലുകളുടെ ഓഫിസുകളും പരിസരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, അപകടത്തെ തുടര്‍ന്ന് പബ്ബിലുള്ളവര്‍ കെട്ടിടത്തിനകത്തെ ശൗചാലയത്തില്‍ അഭയം തേടിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. വായുസഞ്ചാരമില്ലാത്ത ശൗചാലയത്തില്‍ അകപ്പെട്ടവരെല്ലാം ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. റൂഫ്‌ടോപ് റസ്റ്റോറന്റിന്റെ താല്‍ക്കാലിക മേല്‍ക്കൂര നിര്‍മിച്ചിരുന്നത് എളുപ്പം തീപ്പിടിക്കാവുന്ന വസ്തുക്കള്‍കൊണ്ടാണെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. സംഭവസമയം 150ലധികം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it