Breaking News

മുംബൈയില്‍ മലയാളി ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

മുംബൈയില്‍ മലയാളി ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം
X
മുഹമ്മദ് പടന്ന

മുംബൈ: മുംബൈയിലെ സാകിനാക്കയില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന എയര്‍സൈഡ് എന്ന ബഡ്ജറ്റ് ഹോട്ടല്‍ നൂറോളം വരുന്ന ഗുണ്ടകള്‍ കൈയേറി. ഹോട്ടല്‍ മാനേജര്‍മാരായ കാസര്‍കോട് പടന്ന സ്വദേശികളായ പി പി സിദ്ദീഖ്, വി കെ അഫ്‌സല്‍, പി പി കാദര്‍ എന്നിവരെയും ഹോട്ടലില്‍ താമസിക്കുന്ന അതിഥികളെയും ജീവനക്കാരെയും അക്രമികള്‍ മര്‍ദിച്ചു പുറത്താക്കി.



വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ ഹോട്ടലില്‍ ഇരച്ചെത്തിയ സംഘം സി സി കാമറകള്‍, വൈദ്യുതിബന്ധം എന്നിവ വിച്ഛേദിച്ച ശേഷം മുറികള്‍ കൈയടക്കുകയും എല്ലാ രേഖകളും കടത്തിക്കൊണ്ട് പോവുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ അഫ്‌സല്‍ ഉടന്‍  ഹോട്ടലുടമകളുടെ ഔദ്യോഗിക സംഘടനയായ മുംബൈ ബഡ്ജറ്റ് ഹോട്ടല്‍ അസോസിയേഷനെ വിവരമറിയിച്ചു. അസോസിയേഷന്‍ പ്രവര്‍ത്തകരും മുംബൈ പടന്ന മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനു മലയാളികള്‍ സംഘടിച്ചെത്തി യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു. സാകിനാക്ക മാഡ പോലിസ് സ്റ്റേഷനില്‍ തടിച്ചുകൂടിയവരുടെ പരാതി കേള്‍ക്കാന്‍ ആദ്യം പോലിസ് വിസമ്മതിച്ചു. എന്നാല്‍, അസോസിയേഷന്‍ ഉന്നത തലത്തില്‍ നടത്തിയ സമ്മര്‍ദത്തെ തുടര്‍ന്ന്  ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ സ്ഥലത്തെത്തി കേസെടുക്കാന്‍ തയ്യാറായി. അക്രമത്തിനു നേതൃത്വം നല്‍കിയ ഹോട്ടലുടമ ഹഫീസിന്റെ കൂട്ടാളികളായ 14 പേരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടരക്കോടി ഡപ്പോസിറ്റ് നല്‍കി രണ്ടുമാസം മുമ്പ് ഹഫീസില്‍ നിന്നു കാസര്‍കോട് പടന്ന സ്വദേശികള്‍ നടത്തിപ്പിനെടുത്തതാണ് ഹോട്ടല്‍. 10 വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇതിനുപുറമേ ഹഫീസിന് 30 ലക്ഷം രൂപ കടമായും നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹഫീസ് ഗുണ്ടകളെ ഉപയോഗിച്ച് ഹോട്ടല്‍ വീണ്ടും കൈയടക്കാന്‍ ശ്രമിച്ചതായാണ് സൂചന. ഇതിനായി ഇവര്‍ പോലിസിനെയടക്കം സ്വാധീനിച്ചതായും സൂചനയുണ്ട്. അക്രമികള്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്നു നടത്തിപ്പുകാരായ എസ് എന്‍ കരീം, ശരീഫ് മാധ്യമങ്ങളോട് പറഞ്ഞു.

.
Next Story

RELATED STORIES

Share it