'മീ ടൂ': അക്ബറിനെതിരേ വീണ്ടും വെളിപ്പെടുത്തല്‍; രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: 'മി ടൂ' കാംപയിനിന്റെ ഭാഗമായി കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരേ ആരോപണമുന്നയിച്ച് മറ്റൊരു മാധ്യമപ്രവര്‍ത്തകകൂടി. എം ജെ അക്ബറിനൊപ്പം ഡെക്കാന്‍ ക്രോണിക്കിളിലും ടെലഗ്രാഫിലും ജോലിചെയ്ത തുഷിത പട്ടേലാണ് ആരോപണങ്ങളുമായി രംഗത്തുവന്നത്. ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരേ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇതു വകവയ്ക്കാതെയാണ് വീണ്ടും ആരോപണം.
മൂന്നു വ്യത്യസ്ത സംഭവങ്ങളാണ് അക്ബറിനെതിരേ തുഷിത ഉന്നയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ 'സ്‌ക്രോളി'ല്‍ എഴുതിയ തുറന്ന കത്തിലൂടെയാണ് 1992ലും 93ലും നടന്ന സംഭവങ്ങള്‍ തുഷിത വെളിപ്പെടുത്തിയത്. ഇതോടെ അക്ബറിനെതിരേ ലൈംഗികാതിക്രമങ്ങള്‍ ഉന്നയിച്ച മുന്‍ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 12 ആയി.
ടെലഗ്രാഫിനു വേണ്ടി കൊ ല്‍ക്കത്തയില്‍ ജോലി ചെയ്യവെ നഗരത്തിലെത്തിയ അക്ബര്‍ നിരന്തരം തന്നെ വിളിക്കുമായിരുന്നെന്ന് തുഷിത എഴുതി. ജോലിയുടെ ഭാഗമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്കു നേരിട്ടുവരണമെന്നായിരുന്നു ആവശ്യം. അന്നു 22 വയസ്സായിരുന്നു തന്റെ പ്രായം. ഹോട്ടലിലെത്തുമ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ചാണ് അക്ബര്‍ സ്വീകരിച്ചതെന്നും ആ ഞെട്ടല്‍ മാറാന്‍ ഏറെ ദിവസങ്ങളെടുത്തെന്നും അവരെഴുതി. പിന്നീട് ഹൈദരാബാദില്‍ ഡെക്കാന്‍ ക്രോണിക്കിളിലായി ജോലി. അക്ബര്‍ ആയിരുന്നു അന്നത്തെ പത്രാധിപര്‍. ചര്‍ച്ചയ്ക്കായി അക്ബര്‍ വിളിച്ചതുപ്രകാരം ഹോട്ടല്‍മുറിയിലെത്തിയ ഉടന്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ആ മുറിയില്‍ വച്ചുതന്നെ ഏറെനേരം കരഞ്ഞുവെന്നും തുഷിത കത്തില്‍ വിശദീകരിച്ചു.
അക്ബറിനെ കേന്ദ്രമന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. അക്ബറിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി ആരോപണങ്ങള്‍ അന്വേഷിക്കാനായി സ്വതന്ത്രസമിതിയെ ചുമതലപ്പെടുത്തണം. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച് ഗുരുതര ആരോപണം ഉയര്‍ന്നിട്ടും അക്ബര്‍ മന്ത്രിസ്ഥാനത്തു തുടരുന്നത് അംഗീകരിക്കാനാവില്ല. ആരോപണം ഉന്നയിച്ചവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയാന്‍ മുന്നോട്ടുവരുന്ന സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അയച്ചിട്ടുണ്ട്.
അതേസമയം, തനിക്കെതിരേ ലൈംഗികാതിക്രമം നടന്നെന്നു വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ എം ജെ അക്ബര്‍ നല്‍കിയ ക്രിമിനല്‍ക്കേസ് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി നാളെ പരിഗണിക്കും. ഒരുഡസന്‍ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരേ ആരോപണം ഉന്നയിച്ചതെങ്കിലും ആദ്യമായി തുറന്നുപറച്ചില്‍ നടത്തിയ പ്രിയാ രമണിക്കെതിരേ മാത്രമാണ് അദ്ദേഹം കേസ് ഫയല്‍ ചെയ്തത്. പ്രമുഖ നിയമസ്ഥാപനമായ കരഞ്ജവാല ആന്റ് കമ്പനിയിലെ 97 അഭിഭാഷകരാണ് മന്ത്രിക്കു വേണ്ടി കേസ് നടത്തുക.

Next Story

RELATED STORIES

Share it