മീന്‍പിടിത്ത ബോട്ടുകള്‍ സമരത്തിലേക്ക്‌

ബേപ്പൂര്‍: കേരളത്തിലെ ഫിഷിങ് ബോട്ടുകളിലെ തൊഴിലാളികള്‍ ഒന്നടങ്കം അനിശ്ചിതകാല സമരത്തിലേക്ക്. സംസ്ഥാനത്തെ 5000ത്തോളം വരുന്ന ഫിഷിങ് ബോട്ടുകള്‍ നിര്‍ത്തി വച്ച് മല്‍സ്യമേഖല മൊത്തമായി സ്തംഭിപ്പിക്കുന്ന സമര പരിപാടികളിലേക്കാണു തൊഴിലാളികള്‍ നീങ്ങുന്നത്. അനധികൃത മീന്‍പിടിത്തത്തിന്റെ പേരില്‍ ഫിഷറീസ് അധികൃതര്‍ നടപടി ശക്തമാക്കിയതില്‍ പ്രതിഷേധിച്ചാണു തൊഴിലാളികള്‍ സമരരംഗത്തേക്ക് ഇറങ്ങുന്നത്. കിളിമല്‍സ്യങ്ങളും വളങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുമീനുകളും പിടിക്കുന്നതിനെതിരേ സംസ്ഥാനത്തൊട്ടാകെ നിരവധി ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുക്കുകയും വമ്പിച്ച തുക സര്‍ക്കാരിലേക്കു പിഴയായി ഈടാക്കുകയും ചെയ്യുന്ന നടപടി തുടരുകയാണ്.  നിരോധന മല്‍സ്യങ്ങള്‍ പിടികൂടിയാല്‍ 50000 രൂപവരെ പിഴ ഈടാക്കുകയും ഭക്ഷ്യയോഗ്യമായ മല്‍സ്യങ്ങളെ ഹാര്‍ബറില്‍ എത്തിച്ച് ലേലത്തില്‍ വിറ്റു തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്യുന്നതിനാല്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ്  ബോട്ടുകള്‍ക്ക് സംഭവിക്കുന്നത്. ഇത് ഒരു നിലയ്ക്കും അംഗീകരിക്കാന്‍ സാധ്യമല്ലാത്തതു കൊണ്ടാണ് കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സമരരംഗത്തേക്ക് തിരിഞ്ഞതെന്നു ഭാരവാഹികള്‍ പറഞ്ഞു. 15 മുതല്‍ എല്ലാ ഫിഷിങ് ബോട്ടുകളും ഹാര്‍ബറില്‍ കെട്ടിയിട്ട് സമരരംഗത്തേക്ക് ഇറങ്ങാന്‍ കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ യോഗം തീരുമാനമെടുത്തു. 14ഓടെ ആഴക്കടലില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ട എല്ലാ ഫിഷിങ് ബോട്ടുകളും അതതു ഹാര്‍ബറുകളില്‍ എത്തിച്ചേരുമെന്ന് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് അറിയിച്ചു. ഒരൊറ്റ ബോട്ട് പോലും കടലില്‍ ഉണ്ടാവരുതെന്ന് അസോസിയേഷന്‍ പ്രത്യേകം നിര്‍ദശം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തൊട്ടാകെ ഫിഷിങ് ബോട്ടുകള്‍ മൊത്തം സ്തംഭിപ്പിക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച എല്ലാ ഹാര്‍ബറുകളിലും ഫിഷറീസ് ഓഫിസിന് മുമ്പില്‍ മല്‍സ്യത്തൊഴിലാളികളുടെ ധര്‍ണ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓഖിയിലൂടെ നടുവൊടിഞ്ഞ മല്‍സ്യ മേഖല ഏതാണ്ടു കരകയറി വരാന്‍ ശ്രമിക്കുന്നതിനിടയിലുള്ള പ്രതിസന്ധികള്‍ ആശങ്കാജനകമാണെന്നു മല്‍സ്യത്തൊഴിലാളിള്‍ പറയുന്നു.
Next Story

RELATED STORIES

Share it