മീടൂവില്‍ കുടുങ്ങി റിയാസ് കോമു; സ്ഥാനങ്ങളില്‍ നിന്നും മാറ്റി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: മീടൂവില്‍ കുടുങ്ങി പ്രമുഖ കലാകാരനും കൊച്ചി ബിനാലെ ക്യൂറേറ്ററുമായ റിയാസ് കോമു. കഴിഞ്ഞദിവസമാണ് പേരുവെളിപ്പെടുത്താത്ത ഒരു ചിത്രകാരി റിയാസ് കോമുവിനെതിരേ മീടൂ ആരോപണവുമായി രംഗത്തുവന്നത്. മുംബൈയില്‍വച്ചാണ് താന്‍ റിയാസ് കോമുവിനെ പരിചയപ്പെട്ടതെന്നും ഒരു പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തന്നെ കൊച്ചിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഏറെ സന്തോഷവതിയായാണ് താന്‍ കൊച്ചിയിലെത്തിയത്, പക്ഷേ, കൊച്ചിയിലെത്തിയ തന്നോട് അദ്ദേഹം വളരെ മോശമായി പെരുമാറുകയായിരുന്നുവെന്നും മീടൂ വെളിപ്പെടുത്തലുകള്‍ക്കായി തുടങ്ങിയിരിക്കുന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പേരുവെളിപ്പെടുത്താതെ പെണ്‍കുട്ടി ആരോപണം ഉന്നയിച്ചിരുന്നത്.
കൊച്ചി ബിനാലെയുടെ അടുത്ത പതിപ്പ് ആരംഭിക്കാനിരിക്കെയാണ് ബിനാലെ സ്ഥാപകരില്‍ ഒരാളായ റിയാസ് കോമുവിനെതിരേ ഗുരുതരമായ ആരോപണം ഉയര്‍ന്നത്. 2012ല്‍ ബോസ്‌കൃഷ്ണമാചാരിയും റിയാസ് കോമുവും ചേര്‍ന്നാണ് കൊച്ചി ബിനാെലയ്ക്ക് തുടക്കംകുറിച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി ബിനാലെയുടെ അടുത്ത പതിപ്പില്‍ നിന്നും റിയാസ് കോമുവിനെ മാറ്റിനിര്‍ത്താന്‍ ബിനാലെ ഫൗണ്ടേഷന്‍ അധികൃതര്‍ തീരുമാനിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് തീരുമാനം. ഫൗണ്ടേഷന് ഈ വിഷയത്തില്‍ ഔപചാരികമായ ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പെരുമാറ്റദൂഷ്യമോ പീഡനമോ ഉണ്ടായാല്‍ അതിനോട് സീറോ ടോളറന്‍സ് പുലര്‍ത്താനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത ഉള്ളതുകൊണ്ട് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഫൗണ്ടേഷന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. റിയാസ് കോമു ബിനാലെയുടെ എല്ലാ മാനേജ്‌മെ ന്റ് സ്ഥാനങ്ങളും ഒഴിഞ്ഞു.
അതേസമയം ആരോപണത്തില്‍ തനിക്ക് ദുഃഖമുള്ളതായി റിയാസ് കോമു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി. ആ സംഭവം പെണ്‍കുട്ടിയെ വേദനിപ്പിച്ചതില്‍ തനിക്കു വിഷമമുണ്ട്. വിഷയത്തില്‍ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ തയ്യാറാണ്. ആ സംഭവം ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it