palakkad local

മീങ്കര ഡാമിലെത്തിയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുനേരെ അക്രമം

കൊല്ലങ്കോട്: മീങ്കര ഡാമില്‍ എത്തിയ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം. പരിക്കേറ്റ എംബിബിഎസ് വിദ്യാര്‍ഥയെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30നു ശേഷം കൂട്ടുകാരായ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും മീങ്കര ഡാമിന്റെ സമീപത്തെത്തിയപ്പോള്‍ മൂന്ന് ബൈക്കിലെത്തിയ സംഘം ഇവരെ കൈയേറ്റം ചെയ്യുകയായിരുന്നു.
വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറുകയും അശ്ലീലഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ഇതു തടഞ്ഞപ്പോഴായിരുന്നു ആണ്‍സുഹൃത്തിന് പരിക്കേറ്റത്.
ഇവരുടെ മൊബൈല്‍ ഫോണും അഞ്ഞൂറ് രൂപയും സംഘം തട്ടിയെടുത്തു. മര്‍ദിച്ച മൂന്നുപേരില്‍ രണ്ടു പേര്‍ തമിഴ് സംസാരിക്കുന്നവരും ഒരാള്‍ മലയാളം സംസാരിക്കുന്നവരുമാണെന്ന് വിദ്യാര്‍ഥി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദനമേറ്റ ഇരുവരും ഒന്നര കിലോമീറ്ററോളം ബൈക്കില്‍ സഞ്ചരിച്ച് രാത്രി 12ഓടെ കനാലിന്റെ സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
ഇന്നലെ രാവിലെ ആറരയോടെ കൊല്ലങ്കോട് പോലിസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തി മര്‍ദനമേറ്റ മെഡിക്കല്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലെക്ക് മാറ്റുകയായിരുന്നു. അക്രമികളെ കുറിച്ച് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിയുടെ പരാതിയില്‍ പിടിച്ചുപറിക്കും പീഡനശ്രമത്തിനും കൊല്ലങ്കോട് പോലിസ് കേസെടുത്തിട്ടുണ്ട്. കണ്ടാല്‍ അറിയുന്ന മൂന്നു പേര്‍ക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.
ജില്ലാ പോലിസ് മേധാവിയുടെ ചുമതലയുള്ള മലപ്പുറം എസ്പി ദേവേഷ് കുമാര്‍, പാലക്കാട് ഡിവൈഎസ്പി ജി ഡി വിനയകമാര്‍, സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ എം സെയ്താലി, സിഐമാരായ എലിസബത്ത്, എം സന്തോഷ് കുമാര്‍, കെ പി ബെന്നി എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
Next Story

RELATED STORIES

Share it