Flash News

മിനിമം വേതനം തൊഴിലാളിയുടെ അവകാശമാക്കും : മന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി ഉയര്‍ത്തേണ്ടതുണ്ടെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതു തൊഴിലാളികളുടെ അവകാശമായി കാണണമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍വകുപ്പ് ആസ്ഥാനത്ത് ഇന്നലെ നടന്ന മിനിമം വേതനം ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍വകുപ്പ് പരിശോധനയെത്തുടര്‍ന്ന് നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ നിയമം പാലിക്കുന്നുണ്ടോ എന്നറിയാന്‍ തുടര്‍പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍, കടകള്‍, നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം തുടരും. ക്ഷേമ ബോര്‍ഡുകളില്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഉറപ്പാക്കലും എന്‍ഫോഴ്‌സ്‌മെന്റിന്റെ ഭാഗമായി നടപ്പാക്കും. ചില മേഖലകളില്‍ പ്രത്യേക മിനിമംവേജ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനായി സബ്കമ്മിറ്റികള്‍ ചേരും. തൊഴില്‍ സംബന്ധിച്ച് ഹൈക്കോടതിയിലുള്ള എട്ട് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നാലെണ്ണം ഈവര്‍ഷം തന്നെ പരിഗണനയ്ക്കുവരും. കേസുകള്‍ കൈകാര്യംചെയ്യുന്നതിന് ബോര്‍ഡിന് സ്ഥിരം സ്റ്റാന്‍ഡിങ് കൗണ്‍സലിനെ നിയമിക്കാന്‍ വേണ്ട പ്രപോസല്‍ നല്‍കി അംഗീകാരം ലഭ്യമാക്കേണ്ടതുണ്ട്. ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ന്യായമായ ബത്തകള്‍  ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പി കെ ഗുരുദാസന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ബിജു, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it