Flash News

മിനിമം ബാലന്‍സിന്റെ പേരില്‍ പാവങ്ങളെ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതം

കൊച്ചി: സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ ക്ഷേമ പെന്‍ഷനും സ്‌കോളര്‍ഷിപ്പുമായി ലഭിക്കുന്ന തുച്ഛമായ തുകയില്‍ നിന്നും ആയിരക്കണക്കിന് രൂപ അപഹരിക്കുന്ന എസ്ബിഐയുടെ നടപടി ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ്. നിര്‍ധനരുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ കൈയിട്ട് വാരുന്ന എസ്ബിഐയുടെ നടപടിയെക്കുറിച്ച്  ജനറല്‍ മാനേജര്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.പിന്നാക്ക സ്‌കോളര്‍ഷിപ്പായി കേരള സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നാണ് ആലപ്പുഴ എറിവുകാട് സ്വദേശിനിയും വിദ്യാര്‍ഥിനിയുമായ ആമിനയുടെ അക്കൗണ്ടില്‍ നിന്നും എസ്ബിഐ ആലപ്പുഴ ശാഖ 1000 രൂപ അപഹരിച്ചത്. ഒടുവില്‍ ഒരു രൂപ പോലും ആമിനയ്ക്ക് പിന്‍വലിക്കാന്‍ ഉണ്ടായിരുന്നില്ല. പിന്നാക്ക സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കുന്നത് നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിനു വേണ്ടിയാണ്. ഈ തുച്ഛമായ പണത്തില്‍ നിന്നും ബാങ്കിന്റെ പങ്ക് എടുക്കുന്നത് മനുഷ്യത്വരഹിതമാണ്. കയര്‍ തൊഴിലാളിയായ ഹമീദാ ബീവിക്ക് ക്ഷേമ പെന്‍ഷനായി ലഭിച്ച 3300 രൂപയില്‍ എസ്ബിഐ, മിനിമം ബാലന്‍സിന്റെ പേരില്‍ അപഹരിച്ചത് 3000 രൂപയാണ്. ബീവിക്ക് എടുക്കാനായത് 250 രൂപ മാത്രമാണ്. ജന്‍ ധന്‍ അക്കൗണ്ടിന്റെ സ്ഥിതിയും വിഭിന്നമല്ല. പാവപ്പെട്ടവര്‍ക്ക് ഗ്യാസ് സബ്‌സിഡിയായി ലഭിക്കുന്ന തുകയും മിനിമം ബാലന്‍സിന്റെ പേരില്‍ അപഹരിക്കപ്പെടുന്നതായി കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. എസ്ബിഐ ആലപ്പുഴ ശാഖാ മാനേജരും ഇരു സംഭവങ്ങളിലും വിശദീകരണം നല്‍കണം.
Next Story

RELATED STORIES

Share it