kozhikode local

മിഠായിത്തെരുവ് ഗതാഗത നിയന്ത്രണം പുനക്രമീകരിച്ചു

കോഴിക്കോട്: നവീകരിച്ച മി ഠായിത്തെരുവിലെ ഗതാഗത നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാളയത്ത് നിന്ന് എംപി റോഡ് (മൊയ്തീന്‍ പള്ളി ജങ്ഷന്‍) വഴി ലാന്‍ഡ് വേള്‍ഡ് സെന്ററിലേക്ക് വാഹനങ്ങളെ കടന്നു പോവാന്‍ അനുവദിക്കാനും താജ് റോഡ്, കോര്‍ട്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാനും ഇത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംഎല്‍എമാരായ എം കെ മുനീര്‍, എ പ്രദീപ്കുമാര്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
ലാന്‍ഡ് വേള്‍ഡ് സെന്ററില്‍ ധാരാളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉള്ളതിനാലും ബില്‍ഡിങ് ചട്ടപ്രകാരമുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ ലഭ്യമായതിനാലുമാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാധനങ്ങള്‍ എത്തിക്കാന്‍ സൗകര്യാര്‍ഥം ഇവിടേക്ക് വാഹനങ്ങള്‍ക്ക് ക്രോസ് ചെയ്തു പോവാന്‍ അനുമതി നല്‍കിയത്. മറ്റ് റോഡുകളില്‍ നിന്ന് പ്രവേശനം ഉണ്ടാവില്ല. ഇത് കൂടാതെ വ്യാപാരികളുടെയും തൊഴിലാളികളുടെയും സൗകര്യാര്‍ഥം ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ രണ്ട് ഓട്ടോറിക്ഷകള്‍ക്ക് മിഠായിത്തെരുവിലേക്ക് പ്രവേശനം അനുവദിക്കും. ഈ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കും. താജ് റോഡിലും കോര്‍ട്ട് റോഡിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പാര്‍ക്കിങ് നിയന്ത്രിക്കും. ഇവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കും.
എസ് കെ പൊറ്റെക്കാട്ട് സ്‌ക്വയറില്‍ കോര്‍പറേഷന്റെ അനുമതിയില്ലാതെ ഇനി പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല. ചെറിയ പരിപാടികള്‍ക്ക് മാത്രമേ ഇവിടെ അനുമതി നല്‍കൂ. ചെറിയ സാംസ്‌കാരിക പരിപാടികള്‍ക്ക് ആവശ്യമായ മൈക്ക് സെറ്റ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഇവിടെ സജ്ജീകരിക്കും. പൊറ്റെക്കാട്ട് സ്‌ക്വയറില്‍ ഒരു സ്ട്രീറ്റ് മാനേജറെ കോര്‍പറേഷന്‍ നിയമിക്കും. ഇവിടെ ഓട്ടോറിക്ഷകള്‍ റോഡ് ബ്ലോക്ക് ചെയ്യുന്നത് നിയന്ത്രിക്കാന്‍ യോഗം പൊലീസിന് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it