kannur local

മാഹി ബൈപാസ്: ഭൂമി നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല

മാഹി: മാഹി റവന്യു വകുപ്പിന്റെയും അഡ്മിനിസ്‌ട്രേറ്ററുടെയും അലംഭാവം കാരണം മാഹി ബൈപാസിന് ഭൂമി നല്‍കിയവര്‍ക്ക് നഷ്ടപരിഹാര തുക ലഭിക്കാന്‍ വൈകുന്നുവെന്ന് കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉടന്‍ തൂക വിതരണം ചെയ്തില്ലെങ്കില്‍ ഈമാസം 13 മുതല്‍ സമരം നടത്തുമെന്നും സമിതി അറിയിച്ചു. മാഹി മേഖലയിലെ 220 കുടുംബങ്ങളുടെ 40 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പാണ് ഇതുവരെയും പരിഹാരമാവാതെ കിടക്കുന്നത്. കഴിഞ്ഞ ആഗസ്ത് 31ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗ തീരുമാനിച്ചതനുസരിച്ച് നവംബര്‍ 11ന് സ്ഥല ഉടമകള്‍ക്ക് നല്‍കാനാവശ്യമായ തുക ബാങ്കില്‍ നിക്ഷേപിക്കാനായിരുന്നു തീരുമാനം. അതേസമയം മാഹിയിലെ റവന്യു വകുപ്പിന്റെയും അഡ്മിനിസ്‌ട്രേറ്റരുടെയും ഉദാസീനത കാരണം തുക കിട്ടാതെപോയി. ഇനി കരാറുകാരനുമായാണ് ബന്ധപ്പെടേണ്ടതെന്നാണ്്് പറയുന്നത്. ബന്ധപ്പെട്ട ഭൂവുടമകളുടെ രേഖകള്‍ 2014ല്‍ തന്നെ മാഹി റവന്യു വകുപ്പില്‍ പരിശോധനയ്ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെയായി 25 പേരുടെ കാര്യത്തില്‍ മാത്രമാണ് പരിശോധന പൂര്‍ത്തിയായതെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.കരാറുകാര്‍ പ്രസ്തുത ഭൂമികളില്‍ പ്രാഥമിക ജോലികള്‍ തുടങ്ങിയെങ്കിലും കര്‍മസമിതിയുടെ ഇടപെടല്‍ കാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. മാഹി റവന്യു വകുപ്പിന്റെ ഉദാസീനതയ്‌ക്കെതിരേപ്രതിഷേധമെന്ന നിലയില്‍, അടിയന്തിരമായി തുക വിതരണം ചെയ്യാനുള്ള സാഹചര്യം ഒരുക്കിയില്ലെങ്കില്‍ ഈ മാസം 13ന് ഗവ. ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്നും തുടര്‍ന്നു 15ന് ഹൈവേ ഉപരോധം സംഘടിപ്പിക്കുമെന്നും കര്‍മസമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കണ്ണിപ്പൊയില്‍ ബാബു, അഡ്വ. അശോകന്‍, ഉത്തമന്‍ തിട്ടയില്‍, ടി കെ അനന്തന്‍, കെ കെ മുസ്തഫ, പൂവച്ചേരി ഹരീന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it