മാഹി ഇരട്ടക്കൊല: 5 ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ല

മാഹി: സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജും കൊല്ലപ്പെട്ട് അഞ്ചുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ പോലിസ് ഇരുട്ടില്‍ തപ്പുന്നു. പള്ളൂരില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന നേതാവടക്കം ആറുപേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇവരെ വിട്ടയച്ചു. ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ മാത്രമേ പ്രതികളെ പിടികൂടാന്‍ പാടുള്ളൂവെന്ന് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിപിഎം ആരോപണമുന്നയിച്ച നാലുപേര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ അക്രമക്കേസുകളില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തില്ലാത്തതും പോലിസിനെ കുഴക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ വിലാപയാത്രയ്ക്കിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം, ബിജെപി പ്രവര്‍ത്തകരായ 500ഓളം പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ന്യൂ മാഹിയില്‍ ബിജെപി പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ട സംഭവത്തിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതല്ലാതെ കാര്യമായ പുരോഗതിയൊന്നുമില്ല. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് പോലും പോലിസിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടന്ന രണ്ടു കൊലപാതകങ്ങളും രണ്ടു സംസ്ഥാനങ്ങളിലെ പോലിസ് സേനയാണ് അന്വേഷിക്കുന്നത്. ഇത് അന്വേഷണത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. കേരള, പുതുച്ചേരി സംസ്ഥാന പോലിസ് മേധാവികള്‍ രണ്ടുദിവസം മുമ്പ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണത്തില്‍ പൂര്‍ണ സഹകരണത്തിന് ധാരണയായിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ട് കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. സിപിഎം നേതാവും മാഹി നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആദ്യം കൊലപ്പെടുത്തിയത്. കാര്യമായ സംഘര്‍ഷമൊന്നും ഇല്ലാതിരുന്നപ്പോഴായിരുന്നു കൊലപാതകം. ഇതിനു തിരിച്ചടിയെന്നോണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it