Flash News

മാവോയിസ്റ്റ് സൈദ്ധാന്തികന്‍ കൊബാദ് ഗാന്‍ഡി ജയില്‍ മോചിതനായി: ജാമ്യം ലഭിച്ചത് എട്ട് വര്‍ഷത്തിന് ശേഷം

മാവോയിസ്റ്റ് സൈദ്ധാന്തികന്‍ കൊബാദ് ഗാന്‍ഡി ജയില്‍ മോചിതനായി: ജാമ്യം ലഭിച്ചത് എട്ട് വര്‍ഷത്തിന് ശേഷം
X
വിശാഖപട്ടണം: മാവോയിസ്റ്റ് സൈദ്ധാന്തികന്‍ കൊബാദ് ഗാന്‍ഡി ജയില്‍ മോചിതനായി. വിശാഖപട്ടണം സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു അദ്ദേഹം. നിരോധിത രാഷ്ട്രീയ പ്രസ്ഥാനമായ കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയ കൊബാദിനെ, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈവശംവെച്ചെന്ന് ആരോപിച്ചാണ് വിശാഖപട്ടണം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തടവിലിട്ടിരുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ അദ്ദേഹം വിശാഖപട്ടണം ജയിലിലായിരുന്നു.


2009 സെപ്തംബറില്‍ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റിലായ കൊബാദ് ഗാന്‍ഡി വിവിധ കേസുകളില്‍ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷവും നാലു മാസം ചാരപ്പള്ളി ജയിലിലും കഴിഞ്ഞ ഒമ്പത് മാസമായി വിശാഖപട്ടണം ജയിലിലും ആയിരുന്നു കഴിഞ്ഞത്. 2009ല്‍ കൊബാദിനെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തും മുമ്പ് നാലുദിവസം പോലിസ് കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദവും ഡിസ്‌ക് സ്ഥാനം തെറ്റലും സന്ധിവീക്കവും സ്‌പോണ്ടിലൈറ്റിസ്, വൃക്കയുടെ പ്രശ്‌നങ്ങളും തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ഒരു രാഷ്ട്രീയ തടവുകാരന്‍ കൂടിയായ കൊബാദിന് മാനുഷികമോ നിലവിലെ നിയമപരമായോ ആയ പരിഗണനകള്‍ സര്‍ക്കാര്‍ നല്‍കിയില്ലെന്ന് അദ്ദേഹം ജയില്‍ കത്തുകളിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു.

2016 ജൂണ്‍ മാസത്തില്‍ തന്നെ അദ്ദേഹത്തിന് എതിരായ യുഎപിഎ കേസുകള്‍ ഡല്‍ഹി കോടതി പിന്‍വലിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 ഓളം കേസുകള്‍ കൊബാദിനെതിരെ ചുമത്തപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ മാവോയിസ്റ്റ് കേന്ദ്രം സ്ഥാപിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ഒരു കേസ്. കൊബാദ് ഗാന്‍ഡി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവില്ലെന്നും അദ്ദേഹത്തിന് എതിരായ കേസുകള്‍ തുടരാനാകില്ലെന്നും ഡല്‍ഹി കോടതി ഒരു വര്‍ഷം മുമ്പേ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന മാവോയിസ്റ്റ് സൈദ്ധാന്തികനായ  കൊബാദ് ഗാന്‍ഡിയുടെ മോചനം ആവശ്യപ്പെട്ട് രാജ്യത്തിന് അകത്തും പുറത്തും പ്രതിഷേധ കാമ്പയിനുകള്‍ നടന്നിരുന്നു.

നരകതുല്യമായ നീണ്ടകാലത്തെ ജയില്‍വാസത്തിനിടയിലും പരിമിതമായ സൗകര്യങ്ങളില്‍ സെന്‍സര്‍ ചെയ്തു ലഭിക്കുന്ന മാധ്യമങ്ങളിലെ വിവരങ്ങളുടെയും തന്റെ രാഷ്രീയ കാഴ്ചപ്പാടിന്റെയും വെളിച്ചത്തില്‍ കൊബാദ് ഗാന്‍ഡി  സമകാലിക വിഷയങ്ങളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്നു.
Next Story

RELATED STORIES

Share it