മാവോജിയുടെ നിയമനം റദ്ദ് ചെയ്യണമെന്നു ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാനായി ബി എസ് മാവോജിയെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മാവോജി സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറായിരിക്കെ എന്‍ട്രന്‍സ് പരീക്ഷയില്‍ മെറിറ്റ്/ സംവരണ ക്വാട്ടകളില്‍ പ്രവേശനം നേടിയ എസ്‌സി, എസ്ടി വിദ്യാര്‍ഥികളുടെ ജാതിയില്‍ സംശയമുന്നയിക്കുകയും ജാതി നിര്‍ണയത്തിന് കിര്‍ത്താഡ്‌സിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഇത്തരത്തില്‍ ജാതി നിര്‍ണയത്തിലെ സാങ്കേതികത്വത്തെ തുടര്‍ന്ന് പ്രഫഷനല്‍ മേഖലയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് ഉപരിപഠനാവസരം നിരാകരിക്കപ്പെട്ടത്. തുടര്‍ന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നതോടെ 2013ല്‍ അന്നത്തെ എസ്‌സി, എസ്ടി കമ്മീഷന്‍ ഇയാള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിരുന്നു. അന്വേഷണത്തിനെതിരേ മാവോജി ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ ഓര്‍ഡര്‍ വാങ്ങിയെങ്കിലും കേസ് ഇന്നും നിലനില്‍ക്കുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ക്ഷേമോന്നമനങ്ങള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കും വേണ്ടിയുള്ള ഉത്തരവാദപ്പെട്ട ഒരു കമ്മീഷന്റെ തലപ്പത്ത് അത്തരം വിഷയങ്ങളില്‍ താല്‍പര്യമുള്ളവരും സാമൂഹിക നീതിബോധവുമുള്ളവരെയുമാണ് നിയമിക്കേണ്ടത്. മറിച്ച് അവരുടെ ഭരണഘടനാപരമായ സംവരണാവകാശങ്ങള്‍ അട്ടിമറിക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണത്തില്‍ കമ്മീഷന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ദലിത് ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്.
സംവരണം അട്ടിമറിക്കാനായി ഇടതുസര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അഭ്യാസങ്ങളുടെ തുടര്‍ച്ചയായിട്ടു വേണം ഈ നിയമന നീക്കത്തെ കാണാനെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ വി സഫീര്‍ ഷാ അധ്യക്ഷത വഹിച്ചു. പ്രദീപ് നെന്‍മാറ, കെ എം ഷഫ്രിന്‍, നജ്ദ റൈഹാന്‍, ഷംസീര്‍ ഇബ്രാഹിം, ഗിരീഷ് കാവാട്ട്, നസ്‌റീന ഇല്യാസ്, കെ എസ് നിസാര്‍, ജംഷീല്‍ അബൂബക്കര്‍, അജീഷ് കിളിക്കോട്ട്, തമന്ന സുല്‍ത്താന, റമീസ് ഇ കെ സംസാരിച്ചു.
Next Story

RELATED STORIES

Share it