thrissur local

മാള ഹോമിയോയില്‍ സ്ഥിരം ഡോക്ടറില്ല; രോഗികള്‍ക്ക് ദുരിതം

മാള: ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ സ്ഥിരം ഡോക്ടറുടെ സേവനമില്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. അഞ്ചിലേറെ താല്‍ക്കാലിക ഡോക്ടര്‍മാരാണ് കഴിഞ്ഞ വര്‍ഷം ഇവിടെ സേവനത്തിനായി എത്തിയത്. താല്‍ക്കാലിക നിയമനമായതിനാല്‍ ചാര്‍ജെടുത്ത ശേഷം മാസങ്ങള്‍ക്കകം ഡോക്ടര്‍മാര്‍ സ്ഥലം മാറിപോകുകയാണ്. തുടര്‍ചികില്‍സ ആവശ്യമായി വരുന്ന രോഗികളാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത്. ഒരു ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്ന് കഴിച്ചശേഷം വീണ്ടും രോഗ വിവരം പറയുന്നതിനായി ഡിസ്‌പെന്‍സറിയില്‍ എത്തുമ്പോള്‍ മറ്റൊരു ഡോക്ടറെ കണ്ട് ചികില്‍സിക്കേണ്ടി വരുന്ന സാഹചര്യമാണുണ്ടാകുന്നത്. ആദ്യം ചികില്‍സ  നടത്തിയ ഡോക്ടറുടെ രീതിയും രണ്ടാമത് കണ്ട ഡോക്ടറുടെ ചികില്‍സാ രീതിയും വ്യത്യസ്തമാകുന്നതിലൂടെ ചികില്‍സ  അവതാളത്തിലാകുന്നു. ഇതിന്റെ പ്രതാഘാതങ്ങള്‍ അനുഭവിച്ച് തീര്‍ക്കുകയാണ് ചികില്‍സ തേടിയെത്തുന്ന രോഗികള്‍. മാള ഗ്രാമപഞ്ചായത്തിലെ ഏക ഹോമിയോ  ഡിസ്‌പെന്‍സറിയില്‍ സ്ഥിരം ഡോക്ടറുണ്ടായിരുന്ന കാലത്ത് നൂറുരോഗികള്‍ക്കാണ് ദിനേന ചികില്‍സ  നല്‍കിയിരുന്നത്. നൂറിലേറെ രോഗികള്‍ ഇവിടെ ഓരോ ദിവസവും ചികില്‍സ  തേടിയെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇന്ന് വിരലിലെണ്ണാവുന്ന രോഗികള്‍ മാത്രമാണ് മാള ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ചികില്‍സ തേടിയെത്തുന്നത്. സ്വകാര്യ ഹോമിയോ ഡിസ്‌പെന്‍സറികളെയും ഡോക്ടര്‍മാരെയും സഹായിക്കുന്നതിനായിട്ടാണ് മാള ഹോമിയോയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കാത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നാട്ടുകാര്‍ക്ക് ഉപകാരപ്പെടുന്നതിനായി മാള ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഉടന്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it