thrissur local

മാള ടൗണ്‍ റോഡ് സന്ദര്യവല്‍ക്കരണംനടപടികള്‍ സ്വീകരിച്ചുവരുന്നതായി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

മാള: മാള ടൗണ്‍ റോഡ് സന്ദര്യവല്‍ക്കരണം പൂര്‍ത്തീകരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ അറിയിച്ചു. കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാള ടൗണ്‍ റോഡ് പതിനഞ്ച് മീറ്ററായി വീതി കൂട്ടി സൗന്ദര്യവല്‍ക്കരണം നടത്തുവാനായിരുന്നു തീരുമാനം.
അതുപ്രകാരം യൂണിയന്‍ ബാങ്ക് കവല മുതല്‍ കെ എസ് ആര്‍ ടി സി ഡിപ്പോ വരെ ആവശ്യമായ സ്ഥലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നു.കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി മൂന്നു വര്‍ഷം കഴിഞ്ഞെങ്കിലും മാള ടൗണ്‍ റോഡ് വീതി കൂട്ടി സൗന്ദര്യവല്‍ക്കരണം നടത്തുന്ന പദ്ധതി പിന്നെയും നീണ്ടുപോയി.ചില കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വന്ന കോടതി തര്‍ക്കങ്ങളും പൊളിച്ചുമാറ്റുന്നതിലുള്ള നടപടിക്രമങ്ങളുടെ കാലതാമസവുമാണ് തുടക്കത്തില്‍ റോഡ് വികസനം വൈകാന്‍ കാരണമായത്.
പിന്നീട് നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി പൊളിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടലുകള്‍ വന്നതോടെ മാള ടൗണ്‍ റോഡ് സൗന്ദര്യവല്‍ക്കരണ നടപടികള്‍ക്ക് ചില സങ്കേതിക തടസ്സങ്ങളും നേരിട്ടതായി പറയുന്നു. കൂടാതെ പദ്ധതി നടത്തിപ്പിനായി ഉേദ്യാഗസ്ഥര്‍ ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ എത്തിയപ്പോള്‍ അതിനെ ചിലര്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് തടസ്സമായി വന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 89.65 ലക്ഷം രൂപ ചിലവ് ചെയ്ത് പൂര്‍ത്തിയാക്കുന്ന സൗന്ദര്യവല്‍്ക്കരണ ജോലികള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് കരാറുകാരനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും റോഡുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുവാന്‍ കരാറുകാരന്‍ തയ്യാറായില്ലയെന്ന് പറയുന്നു.
സൗന്ദര്യവല്‍ക്കരണ ജോലികള്‍ അനന്തമായി നീണ്ടുപോയതു കാരണം എസ്റ്റിമേറ്റ് തുകയില്‍ വര്‍ദ്ധനവ് വരുമെന്ന കാരണവും പിന്‍മാറ്റത്തിന് കാരണമായതായി പറയുന്നു. എസ്റ്റിമേറ്റ് തുകയേക്കാള്‍ 8.5 ശതമാനം കൂടുതല്‍ തുകയ്ക്കാണ് കരാര്‍ നല്‍കിയിരുന്നത്. കഴിഞ്ഞ മാസം 24 ന് കരാര്‍ കലാവധി കഴിഞ്ഞുവെങ്കിലും വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് പുതിയ ഒരു കരാറുകാരനെ കണ്ടെത്തുകയായിരുന്നു. പഴയ കരാറുകാരന്റെ പകരക്കാരനായി മുക്തിയാര്‍ പ്രകാരം പുതിയ കരാറുകാരന്‍ പ്രവ്യത്തികള്‍ ചെയ്യാന്‍ തയ്യാറായതായി അറിയുന്നു. അതുപ്രകാരം കരാര്‍ കലാവധി പുതിയ കരാറുകാരന് നീട്ടി നല്‍കാന്‍ നടപടി സ്വീകരിച്ചതായും റോഡിന്റെ ലെവല്‍സ് എടുക്കുന്ന നടപടി അടുത്ത ദിവസങ്ങളില്‍ ആരംഭിക്കുമെന്നും അസ്സി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.
കാനയും നടപ്പാതയും നിര്‍മ്മിച്ച് റോഡിന്റെ ഇരുവശങ്ങളും ടൈല്‍ വിരിച്ച് കൈവരികള്‍ സ്ഥാപിച്ച് റോഡ് മനോഹരമാക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതിനിടെ റോഡ് വീതി കൂട്ടുന്നതിനായി തടസ്സമായുള്ള കേസിലകപ്പെട്ട കെട്ടിടങ്ങളും വൈദ്യുതി കാലുകള്‍ അടക്കമുള്ളവയും തടസ്സങ്ങളായി തുടരുകയാണ്. ഇനിയും കരാറും നിയമകുരുക്കും പറഞ്ഞ് കാലതാമസം വരുത്താതെ എത്രയും വേഗതയില്‍ മാള ടൗണ്‍ റോഡ് സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it