thrissur local

മാള-ആലുവ റൂട്ടിലെ മണ്ടിക്കയറ്റം അപകടഭീഷണി സൃഷ്ടിക്കുന്നു

മാള: മാള-എരവത്തൂര്‍-ആലുവ റൂട്ടില്‍ വലിയപറമ്പിനും പാറപ്പുറത്തിനും ഇടയിലുള്ള മണ്ടിക്കയറ്റം അപകട ഭീഷണി സൃഷ്ടിക്കുന്നു. കുത്തനെയുള്ള കയറ്റവും വളവുമാണ് ഇവിടം അപകട ഭീഷണിയുള്ളിടമായി മാറാന്‍ കാരണം. ഇതുകൂടാതെ റോഡിലേക്ക് തള്ളി നില്‍ക്കുന്ന കുന്നും ഒരു പ്രധാന കാരണമാണ്. ഇരുഭാഗങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ തമ്മില്‍ പരസ്പരം കാണാനാകാത്ത അവസ്ഥയാണ് അപകടത്തിന് വഴി വെക്കുന്നത്.
അപകട ഭീഷണിയെക്കുറിച്ച് നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊതുമരാമത്ത് വകുപ്പധികൃതര്‍ അപകട ഭീഷണി ഒഴിവാക്കാനായി റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. റോഡിനിരുവശവുമുള്ള സ്ഥലമുടമകളോട് ഉദ്യോഗസ്ഥര്‍ റോഡിന് സ്ഥലം വിട്ടുനല്‍കാനഭ്യര്‍ത്ഥിച്ചിരുന്നു. ഒരു വീട്ടുകാരൊഴികെ ബാക്കിയെല്ലാവരും സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായി. എതിര് നില്‍ക്കുന്നവരോട് സംസാരിച്ച് സ്ഥലം ലഭ്യമാക്കണമെന്ന് കുഴൂര്‍ ഗ്രാമപഞ്ചായത്തധികൃതരോട് പൊതുമരാമത്ത് വകുപ്പുദ്ധ്യോഗസ്ഥര്‍ അവശ്യപ്പെട്ടെങ്കിലും യാതൊരു നീക്കവും ഗ്രാമപഞ്ചായത്തധികൃതര്‍ നടത്തിയില്ല. ഇതേതുടര്‍ന്ന് റോഡ് വീതി കൂട്ടാതെ പരമാവധി ഭാഗത്ത് ടാറിംഗ് നടത്തുകയായിരുന്നു. റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തപ്പോള്‍ തുടങ്ങിയതാണ് അപകടങ്ങള്‍. വലിയപറമ്പ് ജംഗ്ഷനില്‍ നിന്നും ഇറക്കമിറങ്ങി വരുമ്പോള്‍ ശരാശരി 12 മീറ്റര്‍ വരെ വീതിയുണ്ട്. എന്നാലീ ഭാഗത്ത് അഞ്ചര മീറ്ററോളം മാത്രമാണ് വീതിയുള്ളത്. മാളയില്‍ നിന്നും ആലുവ, എറണാകുളം, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏറ്റവും എളുപ്പ വഴിയാണിത്. വലിയൊരു അപകടത്തിനായി കാത്ത് നില്‍ക്കാതെ റോഡിന്റെ വീതി വര്‍ദ്ധിപ്പിച്ചും വളവ് ഒഴിവാക്കിയും അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Next Story

RELATED STORIES

Share it