kannur local

മാലൂരില്‍ സിപിഎം ഓഫിസിനും കള്ളുഷാപ്പിനും നേരെ അക്രമം

മട്ടന്നൂര്‍: സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന ശിവപുരം മേഖലയില്‍ കനത്ത പോലിസ് ബന്തവസിനിടയിലും അക്രമം. കഴിഞ്ഞ ദിവസം രാത്രി ബോംബേറും 5 ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്ത ശിവപുരത്ത് ഇന്നലെ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. അതിനിടെ മാലൂരില്‍ കള്ളുഷാപ്പിനും സിപിഎം ഓഫിസിനും നേരെ അക്രമമുണ്ടായി. ചൊവ്വാഴ്ച രാത്രിയിലുണ്ടായ വിവിധ അക്രമസംഭവത്തില്‍ 100ഓളം സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതായി പേരാവൂര്‍ സിഐ എ കുട്ടിക്കൃഷ്ണന്‍ പറഞു. ബിജെപി നേതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രധിഷേധിച്ച് ബിജെപി മട്ടന്നൂര്‍ മണ്ഡലത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇതേത്തുടര്‍ന്ന് ഉരുവച്ചാല്‍, ശിവപുരം, മാലൂര്‍, പേരാവൂര്‍, കാക്കയങ്ങാട് റൂട്ടില്‍ ബസ് സര്‍വീസ് മുടങ്ങി. അവശ്യ വാഹനങ്ങള്‍ സര്‍വീസ് നടത്തി. മട്ടന്നൂര്‍-കുത്തുപറമ്പ് റൂട്ടില്‍ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നു. ക്രിസ്മസ് പരീക്ഷ യായതിനാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. ഹര്‍ത്താലിന്റെ മറവില്‍ മാലൂര്‍ തോലമ്പ്രയില്‍ സിപിഎം പതാകകളും ഫഌക്‌സ് ബോര്‍ഡുകളും നശിപ്പിച്ചതായി സിപിഎം ആരോപിച്ചു. തോലമ്പ്ര ശാസ്ത്രിനഗറിലെ കള്ളുഷാപ്പും നിര്‍മാണത്തിലിരിക്കുന്ന സി പി എമ്മിന്റെ ഓഫിസിലെ ഫര്‍ണിച്ചറുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ശാസ്ത്രി നഗറില്‍ സിപിഎം പ്രകനവും പൊതുയോഗവും നടത്തി. കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉരുവച്ചാല്‍ സ്വദേശി സുനില്‍ കുമാറിനെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കഴിയുന്ന ബിജെപി നേതാക്കളായ പുളുക്കുവന്‍ ഗംഗാധരന്‍, മോഹനന്‍ എന്നിവര്‍ക്കും ശാസ്ത്രക്രിയ നടത്തി. ആശുപത്രിയില്‍ കഴിയുന്ന മറ്റ് നേതാക്കളായ പുതുക്കുടി രാജന്‍, അനീഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമം നടന്ന ശിവപുരത്ത് വന്‍ പോലിസ് സംഘത്തെയാണ് വിന്യസിച്ചിട്ടുള്ളത്. ഐജി മഹിപാല്‍, പോലിസ് സുപ്രണ്ട് ശിവം വിക്രം എന്നിവര്‍ അക്രമബാധിത പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ എ കുട്ടിക്കൃഷ്ണന്‍, മാലൂര്‍ എസ്‌ഐ ടി കെ ഷിജു എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലിസ് സന്നാഹമാണ് സ്ഥലത്ത് ക്യാംപ് ചെയ്തുവരുന്നത്. അക്രമം വ്യാപിക്കാതിരിക്കാന്‍ മട്ടന്നൂര്‍ സിഐ ജോണ്‍, എസ് ഐ രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉരുവച്ചാല്‍, കരേറ്റ എന്നിവിടങ്ങളില്‍ പട്രോളിങ് ശക്തമാക്കി. വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ ആര്‍എസ്എസ്, ബിജെപി നേതാക്കളായ വല്‍സന്‍ തില്ലങ്കേരി, ബിജു ഏളക്കുഴി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it