Kollam Local

മാലിന്യ നിക്ഷേപകരെ പിടികൂടുന്നതിനായി റോഡരികില്‍ കാമറകള്‍ സ്ഥാപിച്ചു



കൊല്ലം: മാലിന്യ നിക്ഷേപം കൊണ്ട്  പൊറുതിമുട്ടിയ നാട്ടുകാര്‍ റോഡില്‍ കുന്നു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം മാലിന്യ നിക്ഷേപകരെ പിടികൂടുന്നതിനായി റോഡരികില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍പ്പെട്ട പോളയത്തോട് പുത്തന്‍ കട ഓഡിറ്റോറിയം-  വയലില്‍ തോപ്പ് റോഡിലെ മാലിന്യ നിക്ഷേപത്തിനെതിരേയാണ് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുള്ളത്. വികാസ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മാലിന്യങ്ങള്‍ നീക്കിയത്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ദീപാ തോമസ് മാലിന്യങ്ങള്‍ നീക്കുന്നതിന്റെയും നിരീക്ഷണ കാമറയുടേയും  ഉദ്ഘാടനം നിര്‍വഹിച്ചു. നഗറിലെ താമസക്കാരനും പൊതുമരാമത്ത് വകുപ്പ് റിട്ട.  സൂപ്രണ്ടിങ് എന്‍ജിനിയറുമായ സിറാജുദീനാണ് അദ്ദേഹത്തിന്റെ ചിലവില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചത്. കഴിഞ്ഞ കുറേ കാലമായി ഈ റോഡില്‍ അറവുശാലകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, തട്ടുകടകള്‍, ഇറച്ചി കോഴി വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുക പതിവായിരുന്നു. അധികൃതര്‍ക്ക് പല തവണ പരാതികള്‍ നല്‍കിയിട്ടും ഫലം കാണാതെ വന്നതോടെയാണ് വികാസ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ കാമറ സ്ഥാപിച്ചത്. ആശുപത്രി, കാളിദാസ കലാകേന്ദ്രം, പാര്‍ട്ടി ജില്ലാഓഫിസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്കടുത്തായാണ് റോഡില്‍ മാലിന്യ നിക്ഷേപം നടന്നിരുന്നത്.  വികാസ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഫസിലുറഹുമാന്‍, സി പി ബാബു, സുരേഷ്, ഇറിഗേഷന്‍ വകുപ്പ് റിട്ട.  എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ താജുദ്ദീന്‍, ഗിരീഷ് കുമാര്‍, പ്രസാദ്, മീരാന്‍പിള്ള, ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it