kozhikode local

മാലിന്യസംസ്‌കരണത്തിന് പുതിയ പദ്ധതികളുമായി നഗരസഭ

വടകര: മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനത്ത് തന്നെ മികച്ച രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വടകര നഗരസഭ പുതിയ പദ്ധതികളുമായി രംഗത്ത്. ഇതിനായി സ്വച്ഛ് ഭാരത്മിഷന്‍ പദ്ധതിയില്‍ വടകര നഗരസഭയുടെ ഖരമാലിന്യസംസ്‌കരണ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഒരുകോടി രൂപയിലേറെ ചെലവിട്ട് ഏഴു പദ്ധതികളാണ് നടപ്പിലക്കുന്നത്. ഇതിനായി മൊത്തം 1,03,90,568 രൂപ ചെലവ് വരും. കൗണ്‍സില്‍യോഗം അംഗീകാരം നല്‍കിയ പദ്ധതികള്‍ ജീല്ലാ ആസൂത്രണ സമിതിക്ക് കൈമാറി.
2019 ഒക്‌ടോബര്‍ രണ്ടിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് ചെയര്‍മാന്‍ കെ ശ്രീധരന്‍ അറിയിച്ചു. പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി 41.7 ശതമാനം തുക നഗരസഭയും 35 ശതമാനം കേന്ദ്രവിഹിതവും 23.3 ശതമാനം സംസ്ഥാന വിഹിതവുമാണ്. ഉറവിട മാലിന്യ സംസ്‌കരണമാണ് പ്രധാന പദ്ധതി. ഇതിനായി 940 ഗാര്‍ഹിക ബയോബിന്‍ വിതരണം ചെയ്യും.—സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാലിന്യസംസ്‌കരണത്തിന് തുമ്പൂര്‍മുഴി മോഡല്‍ സംസ്‌കരണപ്ലാന്റ് സ്ഥാപിക്കും.
ഏഴ് സ്ഥാപനങ്ങളിലാണ് പ്ലാന്റ് സ്ഥാപിക്കുക. പൊലിസ് സ്‌റ്റേക്ഷന്‍, താഴെ അങ്ങാടി കുടുംബാരോഗ്യകേന്ദ്രം, പാലോളിപ്പാലം ആയൂര്‍വേദാശുപത്രി, പുതുപ്പണം ജെഎന്‍എം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വടകര ജില്ലാ ആശുപത്രി, വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് തുമ്പൂര്‍മുഴി മോഡല്‍ പ്ലാന്റ് സ്ഥാപിക്കുന്നത്.
ഏഴിടങ്ങളില്‍ കമ്യൂണിറ്റി ലെവല്‍ തുമ്പൂര്‍മുഴി പ്ലാന്റുകളും സ്ഥാപിക്കും. പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ട്(രണ്ട്), വടകര മിനി സിവില്‍ സ്‌റ്റേഷന്‍, പുതിയ ബസ്‌സ്റ്റാന്‍ഡ്(രണ്ട്),നഗരസഭ പാര്‍ക്ക്, വടകര ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. നഗരസഭ നടപ്പാക്കുന്ന ഗ്രീന്‍സിറ്റി-ക്ലീന്‍ സിറ്റി സീറോവേസ്റ്റ് മാലിന്യസംസ്‌കരണ പദ്ധതി പ്രകാരം വീടുകളില്‍ നിന്നും സഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യം സൂക്ഷിച്ചുവെക്കാന്‍ താല്‍ക്കാലിക മറ്റീരിയല്‍ റിക്കവറി സെന്റര്‍ സ്ഥാപിക്കും. നിലവില്‍ ഒരു എംആര്‍എഫ് കേന്ദ്രമാണ് നഗരസഭയിലുള്ളത്. 47 വാര്‍ഡുകലില്‍ നിന്നായി മാലിന്യങ്ങള്‍ ശേഖരിച്ച് നടപ്പാക്കിവരുന്ന പദ്ധതിയില്‍ നിലവില്‍ ഒരു എംആര്‍എഫ് കേന്ദ്രം കൊണ്ട് കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
നാരായണ നഗരത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന എംആര്‍എഫ് കേന്ദ്രത്തിന് സമീപത്ത് തന്നെയാണ് കേന്ദ്രം സ്ഥാപിക്കുക. ഇതോടൊപ്പം എല്ലാ വാര്‍ഡുകളിലും ഇത്തരം ചെറിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അജൈവമാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മസേനയ്ക്ക് വയബിലിറ്റി ഗ്യാപ്പ്— ഫണ്ടും നീക്കിവെച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it