palakkad local

മാലിന്യനിര്‍മാര്‍ജനത്തിനും ഭവന നിര്‍മാണത്തിനും മുന്‍ഗണന

ആനക്കര: ഭവന നിര്‍മാണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും മുന്‍ഗണന നല്‍കി തൃത്താല ഗ്രാമപ്പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഷീ ഓട്ടോ,ഷീ ലോണ്‍ട്രി പദ്ധതികളിലൂടെ വനിതകളുടെ ക്ഷേമത്തിനും ബജറ്റ് മുന്തിയ പരിഗണന നല്‍കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദീപ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന 2018-19 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്.
17 കോടി 14 ലക്ഷത്തി പതിനായിരത്തി അറുനൂറ്റിമുപ്പത് രൂപ വരവും 14 കോടി 95 ലക്ഷത്തി മുപ്പത്തി ഏഴായിരം രൂപ ചെലവും 2 കോടി 18 ലക്ഷത്തി എഴുപത്തി എട്ടായിരത്തി അറുനൂറ്റിമുപ്പത് രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ്മിഷന്‍, ഐഎവൈ പദ്ധതികളിലുള്‍പ്പെടുത്തി സമ്പൂര്‍ണ്ണ ഭവന നിര്‍മാണം, വനിതകള്‍ക്കായി ഷീ ഓട്ടോ, ഷീ ലോണ്‍ട്രി പദ്ധതികള്‍ നടപ്പാക്കാനും പഞ്ചായത്ത് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
ഹരിത കേരള മിഷനുമായി ബന്ധപ്പെടുത്തി സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജന പരിപാടികളും, പൊതു ശുചിത്വ പദ്ധതികളും മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും കൈതൊഴില്‍ സംരംഭങ്ങള്‍ക്കും പുതിയ റോഡുകളുടെ നിര്‍മാണത്തിനും, തെരുവിളക്കുകളുടെ വൈദ്യുതീകരണത്തിനുമെല്ലാം ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട് ക്ഷീര വികസനം, തെങ്ങ് കൃഷി, പശു, ആട് വളര്‍ത്തല്‍, കന്നുകുട്ടി പരിപാലനം എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളും കൈകൊള്ളും. വനിതകള്‍ക്കായി നടപ്പിലാക്കുന്ന ഷീ ഓട്ടോയും,ഷീ ലോണ്‍ട്രി പദ്ധതികളാണ് ഏറ്റവും ശ്രദ്ധേയം.
യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണകുമാര്‍ അധ്യക്ഷനായി.വാര്‍ഡ് അംഗങ്ങള്‍, കൃഷി ആരോഗ്യവകുപ്പ് അധികൃതര്‍, പഞ്ചായത്ത് സെക്രട്ടറി എം ഡി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it