ernakulam local

മാലിന്യത്താല്‍ ചുറ്റപ്പെട്ട് അങ്കണവാടി; ഭീതിയോടെ കുരുന്നുകള്‍

മട്ടാഞ്ചേരി: മാലിന്യത്താല്‍ ചുറ്റപ്പെട്ട് അങ്കണവാടി. നഗരസഭ മൂന്നാം ഡിവിഷനില്‍ വാട്ടര്‍ടാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് ചുറ്റുമാണ് മാലിന്യ കൂമ്പാരമായിരിക്കുന്നത്. ഇവിടെ തള്ളിയ ഒഴിഞ്ഞ വീപ്പകളിലും മറ്റും കെട്ടി കിടക്കുന്ന വെള്ളത്തില്‍ വളരുന്ന കൊതുകുകള്‍ കുരുന്നുകളെ ഭീതിയിലാക്കുകയാണ്.
പകല്‍ സമയത്ത് ഇവിടെ കൊതുക് ശല്യം രൂക്ഷമാണ്. വഴിയരികില്‍ നില്‍ക്കുന്നവരും കൊതുകിന്റെ ആക്രമണത്തില്‍ വലയുകയാണ്.
അങ്കണവാടിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞപറമ്പില്‍ അറവ് മാലിന്യങ്ങള്‍ വരെ തള്ളുകയാണെന്നാണ് പരാതി. അസഹനീയമായ ദുര്‍ഗന്ധവും ഇവിടെ നിന്നുയരുകയാണ്. ഈ ഭാഗത്ത് നില്‍ക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കൊതുക് കടിയും ദുര്‍ഗന്ധവും സഹിച്ചാണ് അങ്കണവാടിയിലെ കുരുന്നുകള്‍ കഴിയുന്നത്. സാംക്രമിക രോഗങ്ങള്‍ പടരുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. ഈ ഭാഗത്തെ കാന ശുചീകരിച്ചിട്ട് പത്ത് വര്‍ഷത്തോളമായി.
കാനയുടെ മുകളിലാണ് അങ്കണവാടിയിരിക്കുന്നതെന്നതാണ് കാന ശുചീകരിക്കാതിരിക്കാന്‍ പറയുന്ന കാരണം. എന്നാല്‍ അങ്കണവാടി എതിര്‍വശത്തേക്ക് മാറ്റാമെന്നിരിക്കേ അത് ചെയ്യാതെ തടി തപ്പുകയാണ് അധികൃതര്‍. കാന ശുചീകരിക്കാത്തതിനാല്‍ ഇവിടത്തെ കുടുംബങ്ങളും ദുരിതത്തിലാണ്.
മഴ പെയ്താല്‍ വെള്ളം വീടുകളില്‍ കയറുന്ന അവസ്ഥയാണ്. കാനയില്‍ കെട്ടി കിടക്കുന്ന മാലിന്യങ്ങള്‍ റോഡിലേക്കും വീടുകളിലേക്കും കയറുന്ന സാഹചര്യമാണ്. ഡിവിഷന്‍ കൗണ്‍സിലറോട് പലതവണ ഇവിടത്തുകാര്‍ കാന ശുചീകരണം ആവശ്യപ്പെട്ടെങ്കിലും നടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം. അങ്കണവാടിക്ക് സമീപത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് കാന ശുചീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. നടപടിയില്ലെങ്കില്‍ ജില്ലാ കലക്ടറെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it